Sunday, July 19, 2009

ലാവ്‌ലിനും ലാവണ്യപ്പെട്ടിയും

കുറ്റപ്പുഴ (Crime River) ഒഴുകി പെരിയാറായ കഥ (രണ്ടാം ഭാഗം)


"കാലമെന്നൊന്നില്ല, ഉഗ്ര ഭാസ്കര രശ്‌മി ജ്വാലക്ക്
ചൂടില്ലല്പം ഞങ്ങൾ തങ്ങളിൽ ചേർന്നാൽ."

പ്രണയത്തിന്റെ മഹാനുഭവത്തിൽ ഒന്നായിരിക്കുമ്പോൾ കാലം നിശ്ചലമാണെന്നും കൊടും വേനൽ പോലും നിസ്സാരമാണെന്നും ജി.ശങ്കരക്കുറുപ്പ് എഴുതിയത് ഞാൻ വായിക്കുന്നത് കൌമാരത്തിന്റെ ഉദയത്തിൽ വെച്ചാണ്. സത്യത്തിൽ ആ വരികളിലെ ആഴം അന്ന് എനിക്കു പൂർണ്ണമായും മനസ്സിലായിരുന്നില്ല. പിന്നീട് പ്രണയാനുഭവങ്ങളിൽപെട്ട് പനിച്ചുപോയപ്പോഴാണു തീർത്തും അതിനുള്ളിലെ അർത്ഥം മനസ്സിലാവുന്നത്. ഇന്ന് മറ്റൊരു context-ൽ ഈ വരികൾ വീണ്ടും വന്നു നിറയുകയാണു. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും,ബിസിനസ്സ് പ്രമുഖരും, ആഗോള സാമ്രാജ്യത്വ ശക്തികളും അവരുടെ ദല്ലാൾമാരും ചേർന്നിരിക്കുന്ന കാഴ്ച്ച ജിയെ ഓർമ്മയിൽ കൊണ്ടുവരുന്നു. ഒരു സമരതീച്ചൂളയും ഇതിനെ ഇളക്കാൻ പ്രാപ്തമല്ല. ഒരു രാഷ്ട്രീയ തപശക്തിയും ഇവർക്ക് പ്രശ്നമല്ല. ഒരു ഉരുക്കു കോട്ടയും ഈ യാത്രക്കു തടസ്സമല്ല. കാലമെന്നൊന്നില്ല.

അലസിപ്പോയ പാട്ടുകൾ

പത്മനാഭയിൽ നിന്നു മാറ്റിനി കഴിഞ്ഞ് ഇറങ്ങുമ്പോൾ നഗരം കുളികഴിഞ്ഞ് ഈറൻ തോർത്തുകയായിരുന്നു. ഒരു തുലാമഴ കഴിഞ്ഞ വൈകുന്നേരം വീട് പൂകാനുള്ള തിരക്കിലാണു. പോക്കുവെയിൽ അങ്ങിങ്ങ് കെട്ടികിടക്കുന്ന ചെളിവെള്ളത്തിൽ മുഖം നോക്കി മിനുക്കുന്നു.ഗട്ടർ വെള്ളത്തിൽ ആണ്ടു പോകാതെ കാലുകൾ നീട്ടിവച്ച് ഞാൻ പാർത്ഥാസിനു പിറകിലെ വഴിയിലൂടെ തമ്പാനൂരിലേക്കു നടന്നു. വഴിയുടെ ഇരുപുറവുമുള്ള കാസറ്റ് കടകൾ പാട്ടുകൾ മുഴുവനാക്കാതെ അലസിപ്പിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണു പേരുവിളിച്ചുകൊണ്ട് പുറകിൽ നിന്നും ഒരാൾ തോളിൽ കൈവച്ചത്. തിരിഞ്ഞു നോക്കുമ്പോൾ നിൽക്കുന്നു നാസ്സർ(ഈ പേർ കഴിഞ്ഞ ഭാഗത്ത് മനപൂർവ്വം ഒഴിവാക്കിയിരുന്നു). വർക്കല – കല്ലമ്പലം സ്വദേശിയായ നാസ്സറിനെ ഏകദേശം ഒരു കൊല്ലം മുമ്പാണു അവസാനമായി കണ്ടത്. അന്ന് എസ്സ് എൻ സി ലാവ്‌ലിന്റെ ഇന്ത്യൻ ചുമതലക്കാരനാ‍യതിന്റെ സന്തോഷം പങ്കു വച്ചിരുന്നു. അല്പം നീണ്ട ഇടവേളക്കു ശേഷം കണ്ട സുഹൃത്തിനോടുള്ള കുശലാന്വേഷണങ്ങൾ കുടും‌ബം, നാട് എന്നിവ കടന്ന് രാഷ്ട്രീയം ഔദ്യോഗിക ജീവിതം എന്നിങ്ങനെ കാടുകയറി. നാസർ മിക്കപ്പോഴും എന്നോട് ചെയ്യാറുള്ളതു പോലെ പരിഹാസത്തിന്റെ കെട്ടഴിച്ചു. സർക്കാർ പൊതുമരാമത്തു വകുപ്പിലെ അല്പ ശമ്പളത്തോടെയുള്ള ജോലി, ആദർശങ്ങളുടെ ചിലവാകാത്ത നാണയങ്ങൾ, പ്രണയ വിവാഹത്തിന്റെ വേരറ്റ വളർച്ച ഇങ്ങനെ എന്നെ കളിയാക്കാൻ നാസറിനു ടൂളുകൾ അനവധിയാണു. അസ്തമയ സൂര്യനും മഞ്ഞവെയിലാൽ ഈ പരിഹാസം ഏറ്റെടുത്തതു പോലെ തോന്നി. പിഞ്ഞിയ കോളറുകളോടെ വടിപോലെ തേയ്ച്ച് നിറുത്തിയ ഖദറുടുപ്പുകളിൽ നിന്നു ലൂയിസ് ഫിലിപ്പിന്റെ നിറപ്പൊലിമയിലേയ്ക്ക് നാസർ വിവർത്തനം ചെയ്തിരിക്കുന്നത് എന്നെ അൽഭുതപ്പെടുത്തി. ആദർശങ്ങളുടെ വൃഥാഭാരങ്ങൾ വച്ച് ഭാര്യയെയും കുട്ടികളെയും ശ്വാസം മുട്ടിക്കരുതെന്ന് നാസ്സർ എന്നെ ഉപദേശിച്ചു.

“ഭാഗ്യങ്ങളുടെ മഹാ സാധ്യതകൾ തുറന്നിടും എന്ന് നീ വീമ്പിളക്കിയ എസ്സ് എൻ സി ലാവ്‌ലിൻ ദൌത്യം പാതിയിലുപേക്ഷിക്കേണ്ടി വരുമല്ലോ നാസ്സറേ? കാര്യങ്ങൾ മുകളിലുള്ളവൻ നിന്റെ വരുതിയിൽ വരുത്താൻ തീരുമാനിചിട്ടില്ലായെന്നു തോന്നുന്നു.” ഞാൻ തിരിച്ചടിച്ചു.
കാർത്തികേയൻ അപ്പോഴേക്കും മന്ത്രിയല്ലാതായികഴിഞ്ഞിരുന്നു. കേരളത്തിൽ കോൺഗ്രസ്സ് മന്ത്രിസഭ പോയി സ: നയനാരുടെ നേതൃത്ത്വത്തിൽ ഇടതു മന്ത്രിസഭ അധികാരത്തിലെത്തിയിരിക്കുകയാണു. ഈ വക മാറ്റങ്ങൾ നാസർ ആക്ഷേപിച്ച ആദര്‍ശ ജീവിതത്തിനു മാറ്റ് കൂട്ടുന്നതാണല്ലോയെന്ന അഹങ്കാരമുണ്ടായിരുന്നു എന്റെ മറുപടിയിൽ.

" കേരളവും അതിന്റെ ചരിത്രവും നിന്നെപ്പോലെ ഒരാൾക്ക് കാനഡയിലോ അമേരിക്കയിലോ കൊണ്ട് പോയി തീറാധാരമെഴുതുവാനുള്ളതല്ല,അതു കൊണ്ടാണ് ഞങ്ങൾ തീയിൽ മുളച്ച ഒരു കണ്ണൂരുകാരനെ തന്നെ വൈദ്യുതി വകുപ്പ് ഏൽ‌പ്പിച്ചിരിക്കുന്നതെന്നു" കൂടി ഞാൻ വച്ചു കീച്ചി. നാസ്സർ എന്റെ തോളിൽ കൈവച്ചുകൊണ്ട് കുലുങ്ങി കുലുങ്ങി ചിരിക്കാൻ തുടങ്ങി. ചിരിയുടെ അർത്ഥം മനസ്സിലാകാതെ മിഴിച്ചു നിന്ന എന്നോട് നാസ്സർ പറഞ്ഞു.

“നാലു കപ്പലണ്ടി മിഠായി ഒരുമിച്ച് കണ്ടിട്ടില്ലാത്ത പല്ലുപോയ കോൺഗ്രസ്സുകാരനെ കൊണ്ടാണോ ഡാം കെട്ടുന്നതും ജനറേറ്റർ സ്ഥാപിക്കുന്നതും. ഭീരുവായ ആ കാർത്തികേയൻ എത്ര ദിവസമായി ഈ ഫയലുകൾക്ക് മുകളിൽ ഇരുന്നു നിരങ്ങുന്നു. അതിനൊക്കെ നീ പറഞ്ഞതു പോലെ ആൺകുട്ടികൾ തന്നെ വേണം. രണ്ടാഴ്ച്ക്കകം ഞങ്ങൾ കാനഡയ്ക്ക് പോകുകയാണ്, തിരികെ വരുമ്പോൾ നിനക്കെന്താ കാനഡയിൽ നിന്ന് കൊണ്ടുവരേണ്ടത്? പറഞ്ഞോ”

ഒന്നും വേണ്ടായെന്നു തലയാട്ടിചിരിച്ച എന്നോട് നാസ്സർ തുടർന്നു.

“ഇല്ല ഞാൻ കൊണ്ട് വരും കാനഡയിൽ ലാവ്‌ലിൻ ഹെഡ് കോട്ടേഴ്സിന്റെ മുറ്റത്ത് നിൽക്കുന്ന ആപ്പിൾ മരത്തിൽ നിന്നു ഒരു പച്ച ആപ്പിൾ പറിച്ചു കൊണ്ട് വരും, നിനാക്കായി... തെളിവിനു, കൂട്ടത്തിൽ ഞാനും നിന്റെ മന്ത്രിയും സംഘാംഗങ്ങളും കാനഡയിൽ ചുറ്റിയടിക്കുന്ന കുറെ വർണ്ണചിത്രങ്ങളും“.

സ്വതവേ വീമ്പടിക്കാരനായ നാസ്സർ സർക്കാർ മാറ്റത്താൽ വന്ന വീഴ്ച്ചകൾ മറയ്ക്കാൻ എന്റെ മുമ്പിലൊരു നാടകം അരങ്ങേറ്റുന്നതാണെന്നു ഞാൻ ഉറച്ചു. ഇതിനിടയിൽ ഞങ്ങൾ രണ്ടുപേർക്കും പരിചയക്കാരായ ധാരാളം ആളുകൾ ഹായ് പറഞ്ഞു കടന്നു പോയ്കൊണ്ടിരുന്നു. അക്കൂട്ടത്തിൽ കഷണ്ടി കയറിതുടങ്ങിയ നീണ്ട നെറ്റിത്തടമുള്ള ഒരാൾ നാസ്സറിന്റെ അടുത്തു വന്ന് സ്നേഹത്തിൽ " സാർ എന്ത് ഇവിടെ നിൽക്കുന്നു”വെന്നു കുശലം തിരക്കി." തന്നെ ഏൽ‌പ്പിച്ച പണികൾ ചെയ്ത് തീർത്തിട്ടുണ്ടെന്നും അക്കാര്യം സാറിനോട് പറയണം” എന്നും നാസ്സറിനോട് പറഞ്ഞു. “ലൈറ്റ് ഹൌസ്സിൽ ഒരു കാസറ്റ് വാങ്ങാൻ കയറിയതാണെന്നും ചില അത്യാവശ്യകാ‍ര്യങ്ങൾ സംസാരിക്കാനുണ്ട് അതെല്ലാം ഫോണിൽ പറയാമെന്നും പറഞ്ഞ് സ്ഥലം വിട്ടു.”  അയാൾ നടന്നു നീങ്ങിയപ്പോൾ നാസ്സർ എന്നോട് ചോദിച്ചു

“ഇപ്പോയ ആളെ നിനക്കറിയാമോ?”

നല്ല പരിചയം തോന്നുന്നു പക്ഷേ തിരിച്ചറിയാൻ കഴിയുന്നില്ല.

“ഇദ്ദേഹമാണു വൈദ്യുതവകുപ്പ സെക്രട്ടറി.”

സാറിനോട് പറയണമെന്നു പറഞ്ഞത് നിന്റെ മന്ത്രിയോട് പറയാനുള്ളതാണെന്നും നാസർ പറഞ്ഞു. വൈദ്യുതവകുപ്പു മന്ത്രിയും എന്റെ പാർട്ടിയുടെ നേതാവുമായ പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് താനെന്നു വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു നാസ്സർ.

നട്ടാൽ കുരുക്കാത്ത നുണകൾ എസ്സ് എഫ് ഐ ക്കാരെ കുറിച്ചു ടി കെ എം കാമ്പസിൽ പ്രസംഗിച്ചു നടന്ന കെ എസ്സ് യുക്കാരന്റെ വർത്തമാനങ്ങൾ മുഖവിലക്കെടുക്കാൻ തക്കവണ്ണം എന്റെ പ്രജ്ഞയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലായെന്നു ഞാൻ സ്വയം ധരിച്ചു. നേരം വൈകിയിരിക്കുന്നു. തിടുക്കത്തിൽ നാസ്സറിനോട് ബൈ പറഞ്ഞു ചെളിവെള്ളത്തിൽ ചവിട്ടാതെ സൂക്ഷിച്ചു നടന്നു തമ്പാന്നൂരെത്തി, ഒരു ഫാസ്റ്റ് പാസ്സഞ്ചർ ബസ്സിൽ കയറി വീട്ടിലെത്തുമ്പോഴേയ്ക്കും സമയം 9 കഴിഞ്ഞിരുന്നു. കുളിയും അത്താഴവും കഴിഞ്ഞു കിടക്കയിലെത്തിയിട്ടും നാസ്സർ പറഞ്ഞ കാര്യങ്ങളും ആ സന്ധ്യയും സിനിമാ ദൃശ്യങ്ങളെയും കടന്നു മുഴച്ചു നിൽക്കുന്നു. ഉറക്കം പ്രഭാത നക്ഷത്രത്തോട് ചേർന്നാണു അന്ന് ആ വഴിക്കു വന്നത്.

ഓഹരികളുടെ ഋണ ധന ഗണിതം
അടിയന്തിരമായി ചെയ്ത് തീർക്കാനുള്ള ആഫീസുജോലികൾ ഒന്നും തന്നെയില്ല, നാലുമണിയായിക്കാണില്ല അതാണു ചായ എത്താത്തത്. മേശയുടെ താഴത്തെ അറയിൽ ചില പേപ്പറുകൾ പരതുമ്പോൾ ഹാഫ് ഡോർ തുറക്കുന്ന ശബ്ദം കേട്ടു. തല പൊന്തിച്ചു നോക്കുമ്പോൾ യൂണിയൻ നേതാക്കളാണ്. ആറേഴു പേരുണ്ട്. നമസ്കാരം സഖാവേ എന്ന് പറഞ്ഞ് മുന്നിൽ വരുന്നത് യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം രാജേന്ദ്രൻ സഖാവാണ്. കഴിഞ്ഞ ജാഥയ്ക്ക് പങ്കെടുക്കാത്തതിലെ താക്കീതും യൂണിയനാഫീസിൽ കയറിയിട്ട് നാളേറെയായതിലെ പരിഭവവുമായി സെക്രട്ടറി രമാകാന്തൻ മുന്നിലെ കസേരയിലേയ്ക്ക് ഇരുന്നു. എല്ലാപേർക്കും ഇരിക്കാനുള്ള സൌകര്യമില്ലാത്തതു കൊണ്ട് നമുക്ക് കാന്റീനിലേയ്ക്ക് പോകാമെന്നു പറഞ്ഞു ഞാനെണീറ്റു. ഞങ്ങൾ കാന്റീനിലെ ഒരു മൂലയിലേക്ക് മാറിയിരുന്നു ചായക്ക് ഓഡർ ചെയ്തു. റബ്ബർ പാല് ഒഴിച്ച് വയ്ക്കാനുപയോഗിക്കുന്ന തരത്തിലുള്ള അലൂമിനിയം കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തിൽ പഴം പൊരി, ഗോതമ്പുണ്ട, പരിപ്പുവട എന്നീ പലഹാരങ്ങൾ നിറച്ച് സപ്ലയർ മുന്നിൽ കൊണ്ട് വച്ചു. ചായയും വടയും കഴിക്കുന്നതിന്റെ ഇടയിൽ സംഘടനാകാര്യങ്ങളും രാഷ്ടീയ വിശേഷങ്ങളും ഞങ്ങൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് അനുദിനം പിന്നിലേക്ക് വലിയുന്നതായി എന്നെ സുരേഷ് കളിയാക്കി ഞങ്ങളെല്ലാപേരും ചിരിച്ചു. റബ്ബർ മരത്തിലെ ഉണങ്ങാത്ത ചില്ലകൾ ഉണങ്ങിയ ചില്ലകളിൽ ഉരയുന്നതിന്റെ ശബ്ദമാണു ഞങ്ങളുടെ സംഭാഷണങ്ങളിൽ നിന്നു പുറത്തേയ്ക്ക് വരുന്നതെന്ന് എനിക്കു തോന്നി.

" ഇന്നെന്താണു പ്രത്യേകമായി എന്നെക്കാണാൻ ഇറങ്ങിയത്? അതോ പതിവ് സൌഹൃദ സന്ദർശനമോ?" ഞാൻ തിരക്കി.

"പത്രങ്ങളും വാർത്തകളുമൊക്കെ സഖാവ് വായിക്കുന്നുണ്ടല്ലോ നമ്മൾ ചാനൽ തുടങ്ങാൻ പോകുന്നതും അതിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്നതും ഒക്കെ അറിഞ്ഞിട്ടുണ്ടാവുമല്ലോ? "

സ: രജേന്ദ്രനാണു സംസാരിക്കുന്നത്.

“അറിഞ്ഞു, അത് വലിയ സംരഭമാണല്ലോ, ധാരാളം പണം ആവശ്യമായിരിക്കും അല്ലേ? ഏതായാലും വാർത്താരംഗത്ത് നമുക്ക് ഒരു നാവുകൂടി ഉണ്ടാവുന്നത് നല്ലതുതന്നെ. മുത്തശ്ശി വാർത്തകളെ കൊണ്ട് പൊറുതിമുട്ടി. അതുമല്ല സീരിയലുകളും നുണയും മാത്രമേയുള്ളൂ മലയാളിക്കു സാസ്കാരിക സമ്പാദ്യമായിട്ടെന്നു തോന്നും ടി വി കണ്ടാല്‍.” ഞാനുണർന്നു.

“ഞങ്ങളിങ്ങോട്ട് വരുമ്പോൾ സംസാരിക്കുകയായിരുന്നു ഇതിന്റെ ആവശ്യമൊന്നും സഖാവിനെപ്പോലെയുള്ളവരുടെ അടുത്ത് വിശദീകരിക്കേണ്ടി വരില്ലായെന്ന്”
വാസവനാണതു പറഞ്ഞത്.

“അപ്പോൾ ഞങ്ങൾ വന്ന കാര്യം പറയാം., സഖാവ് ഈ ചാനലിൽ കഴിയുന്നത്ര ഷെയറുകളെടുക്കണം.” രാജേന്ദ്രൻ തുടർന്നു. “ഏതെങ്കിലുമൊരു സമ്പാദ്യം ഇതിലേക്കു മാറ്റണം നാളെ കുട്ടികൾക്കത് ഉപകരിക്കും നമ്മുടെയൊരു ടെലിവിഷൻ ചാനലും യാഥാർത്ഥ്യമാവും.”

"സമ്പാദ്യമോ ?" ഞാൻ ചിരിച്ചു

" എന്റെ അവസ്ഥ നിങ്ങൾക്കറിയാവുന്നതല്ലേ.രാഷ്ട്രീയ പ്രവർത്തനം കൊണ്ട് അച് ഛൻ എനിക്കായി സമ്പാദിച്ചു തന്ന കടങ്ങളുടെ ഓഹരി തന്നെ അടച്ചു തീർക്കാൻ ഇനി രണ്ടു തലമുറകൾ കൂടി ഞാൻ ഇങ്ങനെ ജോലി ചെയ്യണം. ആ എനിക്ക് എവിടെയാ സമ്പാദ്യം "

"സഖാവിനു കഴിയുന്നതു പറയൂ" വാസവനിടപ്പെട്ടു.

"ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകക്ക് ഷെയറെടുത്താൽ മതി കൂടുതൽ കടുപ്പിക്കുന്നില്ല."

"രാജേന്ദ്രൻ സഖാവേ... ഷെയറെനിക്കു വേണ്ട രൂപ അഞ്ഞൂറോ ആയിരമോ ഞാൻ സംഭാവനയായി തരാം അല്ലാതെ ഓഹരി, കമ്പനി, പിന്നെ അതിന്റെ ഉയർച്ച താഴ്ചകൾ ഇതിലൊന്നും എനിക്ക് താല്പര്യമില്ല. ഉടമസ്ഥനാകാനല്ല എന്റെ വിധി തൊഴിലാളിയായിരിക്കാനാണ്. അത് അങ്ങനെ തന്നെ അവസാനിപ്പിക്കാൻ നിങ്ങളെന്നെ സഹായിക്കണം”.

സഖാക്കളുടെ മുഖം കറുത്തു

"നിങ്ങളെ പോലെയുള്ളവരൊക്കെ ഇങ്ങനെ പറഞ്ഞാൽ പ്രസ്ഥാനത്തിന്റെ ശത്രുക്കളെന്താവും പറയുക”. രമാകാന്തനു ദേഷ്യം വന്നു.

"സംഭാവനയായി തരുന്ന തുക മതി. അതിനു ഷെയർ രസീത് ഞങ്ങൾ തരും ഒന്നാം തീയ്യതി കഴിഞ്ഞു വരുമ്പോൾ കാശ് മാറ്റി വെച്ചിരിക്കണം" ഇത്രയും പറഞ്ഞ് അവർ എഴുന്നേറ്റു.

ഓഹരിയിൽ താല്പര്യമില്ലാത്ത കാര്യം കാന്റീനിൽ നിന്നും പുറത്തു കടക്കുമ്പോൾ വീണ്ടും ഞാനവരെ ഓർമ്മിപ്പിച്ചു. ഒന്നാം തീയ്യതി കഴിഞ്ഞ് കാശു വാങ്ങാൻ ആരും വന്നില്ല. എന്റെ അസ്വസ്ഥത അവർക്കു മനസ്സിലായി കാണുമെന്നു കരുതി.

പത്രങ്ങളിലെല്ലാം മലയാളം ചാനൽ വരാൻ പോകുന്നതിന്റെ വാർത്തകൾ വരുന്നുണ്ട് .(പിന്നീടാണത് കൈരളിയായത്) നാട്ടിലെ പാർടി നേതാക്കന്മാരെല്ലാം ചാനലിനു ഓഹരിക്കാരെ ചേർക്കുകയാണ്. ചാനൽ ജനങ്ങളുടെ സ്വത്തായിരിക്കാൻ വേണ്ടി ഓഹരികൾ പൊതു ജനങ്ങൾക്ക് വിൽക്കുകയാണെന്നു അവർ വിശദീകരിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൂടുതൽ ഫണ്ട് എത്തുകയും കക്കൂസ്സ് പണിയുന്നതിനും വീട് വെക്കുന്നതിനും കിണർ കുത്തുന്നതിനുമൊക്കെയായി ധാരാളം പദ്ധതികൾ നടപ്പിലാവുകയും ചെയ്യുന്ന കാലമായിരുന്നു അത്. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ശുപാർശ ചെയ്യുന്നതിനുമൊക്കെയായി പഞ്ചായത്ത് മെമ്പർമാരും കൌൺസിലർമാരും തിരക്കുള്ള പൊതു പ്രവർത്തകരായി അധികാരം കൈയ്യാളി തുടങ്ങി. ഈ വക ആയിരമോ രണ്ടായിരമോ രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നവരിൽ നിന്നു പോലും 100 രൂപയെങ്കിലും ഷെയർ വാങ്ങുന്നതിനു മെമ്പർമാരും ലോക്കൽ പാർട്ടി നേതാക്കന്മാരും പ്രത്യേകം ശ്രദ്ധിച്ചു.ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ ഈ സംരഭത്തിൽ പങ്കാളികളായി മിക്കപ്പോഴും നിർബന്ധപൂർവ്വം നടക്കുന്ന ഈ പിരിവ് അതിരു കടക്കുന്നതായി തോന്നിയെങ്കിലും ജനകീയമായ ഒരു സംരംഭം സമൂഹത്തിന്റെ സ്വത്തായി തീരുന്നതാണല്ലോ എന്ന ചിന്ത അസ്വസ്ഥതകളെയണച്ചു.

ഒരു ദിവസം ഞായറാഴച രാവിലെ പത്രം വായിച്ചു കൊണ്ട് ഞാൻ വീടീന്റെ കോലായിലിരിക്കുകയാണ്. എന്റെ മുന്നിലേക്ക് ഒരു പേപ്പർ നീട്ടികൊണ്ട് അച്ഛൻ, പറഞ്ഞു.

“മക്കളെ നോക്ക് ഇതു കൈരളി ചാനലിലെ എന്റെ ഷെയറിന്റെ സർട്ടിഫിക്കറ്റാണ്...”

ഞാൻ പേപ്പർ വാങ്ങി നോക്കി 100 രൂപയുടെ ഒരു ഷെയർ സർട്ടിഫിക്കറ്റ് അച്ഛന്റെ പേരിൽ പ്രിന്റ് ചെയ്തിരിക്കുന്നു. അനിയത്തിയെയാണ് അവകാശിയാക്കി വെച്ചതെന്നു അച്ഛൻ പറഞ്ഞു.വരാൻ പോകുന്ന തങ്കസൂര്യോദയത്തെ കൂടുതൽ മനോഹരമാക്കുന്ന ഒരു സംരഭത്തിൽ മരിക്കുന്നതിനു മുമ്പ് പങ്കാളിയാവാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടായിരുന്നു ആ പഴയ സഖാവിന്റെ കണ്ണിൽ.
വർത്തമാനങ്ങൾ മുഴുമിപ്പിക്കാൻ സമ്മതിക്കതെ ചുമ അച്ഛനെ പിടിച്ച് കസേരയിലേക്കിരുത്തി.

അങ്ങനെ ചാനൽ യാഥാർത്ഥ്യമാവുകയാണ് ജനങ്ങളിൽ നിന്നും ശേഖരിച്ച ഷെയറുകൾ കൊണ്ട് ചാനൽ തുറക്കാനാകില്ല. പണമെന്തു ചെയ്യണമെന്നറിയാതെ കുന്നുക്കൂട്ടി കാത്തിരിക്കുന്ന സുമനസ്സുകളായ ധനികരുടെ സഹായം ഇതിനായി കൈയയച്ചുണ്ടായിരുന്നു വെന്ന് മേഖലാ സമ്മേളനങ്ങളിൽ റിപ്പോർട്ടുകൾ വന്നു. താര രാജാക്കന്മാരും മദ്യവ്യവസായികളും ധനികാരായ എൻ.ആർ.ഐ കളും ഓഹരികൾ വാങ്ങി കൂട്ടി.മമ്മൂട്ടിയും മോഹൻലാലും കമ്മ്യൂണിസ്റ്റായല്ലോയെന്നു പാവം പ്രവർത്തകർ ഊറ്റം കൊണ്ടു. ബ്രിട്ടാസ് വന്നു, ബെറ്റി വന്നു, സിദ്ധാർത്ഥ മേനോൻ വന്നു.  സുകുമാരകലകളിൽ പ്രവീണരായവർ വന്നു കൈരളി ചാനൽ വേറിട്ട ദൃശ്യാനുഭവങ്ങൽ നൽകുമെന്ന വാഗ്‌ദാനവും തന്നു. ദേശാഭിമാനിയും കൈരളിയും ചേർന്ന് മുത്തശ്ശി വാർത്തകളെ ചെറുത്തു നിർത്തി.

പാതിവെന്ത ശവങ്ങൾ
ടെലിവിഷൻ ചാനലിനും മഹാസമ്മേളനങ്ങൾക്കും സ്പോൺസർമാരായ ധനികർ പാർട്ടി ആഫീസുകളെ അവരുടെ കാര്യസാധ്യപ്പുരകളാക്കി വളർത്തി. ഡി വൈ എഫ് ഐ യുടെ ഊർജ്ജകണങ്ങൾ മാർവാടികളുടെ സി സി പിരിവുകാരോ പുതുതലമുറ ബാങ്കുകളുടെ ലോൺ ഏജന്റുമാരോ ആയി സ്ഥാനക്കയറ്റം വാങ്ങി. സാമൂഹ്യ സേവനത്തിന്റെ സഹനമേരുക്കളായ പൂർണ്ണ സമയ പ്രവർത്തകരും ജനപ്രതിനിധികളും നാട്ടിലെ കണ്ണായ സ്ഥലങ്ങളെ വകഞ്ഞുവച്ച് ഭൂമാഫിയകൾക്ക് കൈമാറി, ഘർഷണരഹിത കൈമാറ്റ വ്യവസ്ഥയിലൂടെ വികസനം വിളിച്ചു വരുത്തി. മാറ്റം എനിക്കോ അതോ ചുറ്റുപാടിനോയെന്ന് ഞാൻ പലതവണയളന്നു നോക്കി. പാർട്ടിയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം അർപ്പിച്ച് ജനപക്ഷത്ത് നിന്ന ആത്മബന്ധമുള്ള സുഹൃത്തുകൾ ശ്മശാനത്തിൽ ഉപേക്ഷിക്കപ്പെട്ട പാതിവെന്ത ശവങ്ങളെപ്പോലെ കാണായി. തിരക്കുള്ള പകലുകളിൽ രാഷ്ടീയ പ്രൊഫഷണലുകളുടെ അവതരണവും സന്മാർഗ്ഗ ബോധനവും ഒരു അനുഷ്ഠാന കലയുടെ ശീല മികവുകൾ പുലർത്തി. സ്നേഹിതർക്കായി ഏറ്റെടുത്ത ബാധ്യതകൾ കനക്കുന്ന കടങ്ങളായി എന്റെ കഴുത്തിൽ തൂങ്ങി. ജീവിതം മടുപ്പിന്റെ മുങ്ങാങ്കുഴിയിൽ തപ്പിതടഞ്ഞു. ഒരു സ്നേഹിതന്റെ നിർബന്ധത്തിലും അലിവിലും സർക്കാർ ജോലിക്ക് അഞ്ചു വർഷം അവധി കൊടുത്ത് ഞാൻ ദുബൈയിലേയ്ക്ക് യാത്രയായി.

ഉഷ്ണം ശമിച്ചു തുടങ്ങിയ ഒരു പകലറുതിയിലാണു ഞാൻ ദുബൈയിൽ വിമാനമിറങ്ങുന്നത്. കടലിൽ മുളച്ചു വന്ന കൂറ്റൻ കുമിളുകൾപോലെ നഗരങ്ങൾ പൊന്തി നിൽക്കുന്നു. ഞാനേറ്റം സ്നേഹിച്ച ഭാഷയും മണ്ണും താത്കാലികമായി ഉപേക്ഷിച്ച് സാമ്പത്തിക അഭയാർത്ഥിയായി ഗൾഫിലെത്തിയപ്പോൾ മറ്റൊരു ഭാഷയും സംസ്കാരവുമല്ല എന്നെ കാത്തിരുന്നത്, എന്റെ തന്നെ ഭാഷയുടെയും മനുഷ്യരുടെയും മറ്റൊരു മുഖമായിരുന്നു.. വെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച് ലളിത ജീവിത പരിസരങ്ങളിൽ ആദർശം വിളമ്പിയിരുന്നവർ വർഷത്തിൽ രണ്ടോ മൂന്നോ തവണ തിമിർത്താടാൻ വരുന്ന ദുബൈ എന്റെ നെഞ്ചിടിപ്പുയർത്തി.അവിടെ വച്ച് ഹസ്സന്റെയും വയലാർ രവിയുടെയും പ്രവാസി സ്നേഹവും പിണറായിയുടെയും ജയരാജന്റെയും തൊഴിലാളി സ്നേഹവും നിറനിലാവായി ഒഴുകിപ്പരക്കുന്നത് കണ്ണാലെ കണ്ടു. നാസ്സർ പറഞ്ഞിട്ടും അവിശ്വസനീയമായിരുന്ന ലാവ്‌ലിനും പിന്നാമ്പുറ സംഭവങ്ങളും നിയോൺ വെളിച്ചത്തിൽ വിവൃതമായി. അപ്പോഴും നെഞ്ചിൽ പ്രസ്ഥാനത്തെ കുറിച്ചൊരു കിനാവുണ്ടായിരുന്നു.

"താഴ്വരയിലെ പച്ചയ്ക്കിടയിൽ
ഇലയുണങ്ങി നിൽകും മരമേ,
പൂത്തതാണെന്നു കരുതി
ദൂരെ നിന്നൊരാൾ
നിന്നെ മനസ്സിൽ പകർത്തി
കൊണ്ട്പോയിട്ടുണ്ട്.
മരിക്കും വരെ
അയാളിലുണ്ടാകും
പൂത്തപടിതന്നെ നീ......"

7 comments:

താപ്പു said...

ടെലിവിഷൻ ചാനലിനും മഹാ സമ്മേളനങ്ങൾക്കും സ്പോൺസർമാരായ ധനികർ പാർട്ടി ആഫീസുകളെ അവരുടെ കാര്യസാധ്യപ്പുരകളാക്കി വളർത്തി. ഡി വൈ എഫ് ഐ യുടെ ഊർജ്ജകണങ്ങൾ മാർവാടികളുടെ സി സി പിരിവുകാരോ പുതുതലമുറ ബാങ്കുകളുടെ ലോൺ ഏജന്റുമാരോ ആയി സ്ഥാനക്കയറ്റം വാങ്ങി. സാമൂഹ്യ സേവനത്തിന്റെ സഹനമേരുക്കളായ പൂർണ്ണ സമയ പ്രവർത്തകരും ജനപ്രതിനിധികളും നാട്ടിലെ കണ്ണായ സ്ഥലങ്ങളെ വകഞ്ഞുവച്ച് ഭൂമാഫിയകൾക്ക് കൈമാറി, ഘർഷണരഹിത കൈമാറ്റ വ്യവസ്ഥയിലൂടെ വികസനം വിളിച്ചു വരുത്തി.മാറ്റം എനിക്കോ അതോ ചുറ്റുപാടിനോയെന്ന് ഞാൻ പലതവണയളന്നു നോക്കി. പാർട്ടിയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം അർപ്പിച്ച് ജനപക്ഷത്ത് നിന്ന ആത്മബന്ധമുള്ള സുഹൃത്തുകൾ ശ്മശാനത്തിൽ ഉപേക്ഷിക്കപ്പെട്ട പാതിവെന്ത ശവങ്ങളെപ്പോലെ കാണായി.

saju john said...

ഇതെന്താ താപ്പു, ബൂലോഗത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ "തുടരാനോ"?

ആ ഫാരിസ്‌ കണ്ടാല്‍ ചിലപ്പോള്‍, രണ്‍ജി പണിക്കാരെ കൊണ്ട് ഈ കഥ വച്ച് ഒരു സിനിമ ഉണ്ടാക്കുവാനുള്ള കോള് കിട്ടുമെന്ന് തോന്നുന്നു.

എന്തായാലും അടുത്ത അധ്യായത്തില്‍ ഏവര്‍ക്കും അറിയാവുന്ന ദുബായ് മസാലയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

അങ്കിള്‍ said...

പ്രീയ താപ്പൂ,
ഒരു നോവല്‍ വായിച്ചു തുടങ്ങുന്നുവെന്നതിരപ്പുറം അതിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

ഞാനൊരു സഖാവല്ല. എന്നാലും വളരെ ഉല്‍ഘണ്ടയോടെ അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു.

Anonymous said...

വിപ്ലവ കാല്‍പ്പനികഥ എന്നു പറഞ്ഞാല്‍ ഇതാണ്. കാല്പനികഥക്കും സംഭ്രമജനകമാകാന്‍ കഴിയും. അച്ഛന്റെ ചുമയുടെ കൂടെ പനിയും ഉണ്ടായിരുന്നുവെങ്കില്‍ മുഴുപ്പനിക്കഥയാക്കാമായിരുന്നു.

എന്തായാലും കാത്തിരിപ്പൂ. തുടരുമല്ലോ.

Anonymous said...

താപ്പൂ, അടൂത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു. എഴുത്തും ഇഷ്ടപ്പെട്ടു.

സ്മാര്‍ത്തവിചാരം said...

tracking.........

Anonymous said...

താപ്പു, തുടരൻ നാന്നായിരിക്കുന്നു, നമ്മുടെ ജീവിതം മറ്റുള്ളവർക്ക് തമാശ ആണ്, ഒരു കോമാളിയെപോലെ......അവർ അത് കാണുമ്പോൾ ആർത്ത് ചിരിക്കും.