Tuesday, November 10, 2009

അബ്ദുള്ള കുട്ടിയും ആധികാരിക ലക്ഷണങ്ങളും


നാട്ടുകാർക്ക് വളരെ സഹായിയായ ഒരു സുഗുണൻ ഉണ്ടായിരുന്നു എന്റെ നാട്ടിൽ, ഫോൺ ഇല്ലാതിരുന്ന കാലത്ത് അവശരെ ആശുപത്രിയിൽ കൊണ്ട് പോകാൻ കാറുപിടിക്കാൻ പോവുക, മരണം, കല്യാണം തുടങ്ങിയ നേരങ്ങളിൽ ആളായി നിന്നു സഹായിക്കുക എന്നിങ്ങനെ പലനിലയിലും ഉപകാരിയായ സുഗുണനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. . വടക്കോട്ടുള്ള യാത്രയിൽ ഹൈവേയുടെ വലതു ഭാഗം മുഴുവൻ നീണ്ടു നിവർന്നു കിടക്കുന്ന പാടമാണ് എന്റെ ഗ്രാമത്തിന്റെ അടയാളം . ദൂരയാത്ര പോയി വരുമ്പോൾ വണ്ടിയിൽ ഇരുന്നു ഉറങ്ങിയാൽ ഉണർന്ന് നോക്കുമ്പോൾ പെട്ടെന്ന് പാടം കണ്ടാൽ ഞെട്ടി എഴുന്നേൽക്കുക ഞങ്ങളുടെ ശീലമാണ്. സ്ഥലമെത്തിയല്ലോയെന്ന ഒരു വിളി അബോധമായി ഞങ്ങൾ കൊണ്ടുനടക്കുന്നു. നോട്ടം അനന്തതയിൽ ലയിക്കുന്നതു വരെ നീണ്ട പച്ച അതിനുമപ്പുറം മറ്റോരു പച്ചകൂടിയുണ്ടെന്നു ഓർമ്മപ്പെടുത്തുന്ന തെങ്ങിൻ തലപ്പുകൾ അവയ്ക്കു പുറകിൽ നീല തേയ്ച്ച കർട്ടനിട്ട് ആകാശം. അറബികടലിൽ തിര തൊടുത്ത് കരയിലേയ്ക്ക് കയറിയ ഒരു കാറ്റ് ഹൈവേ കടന്ന് ഈ പാടത്തിലൂടെ ഇഴഞ്ഞ് തെങ്ങിൻ തലപ്പുകളിൽ തൊടുന്നത് ഒരനുഭവം തന്നെയാണ്. ഈ പാടത്തിന്റെ വടക്കു കിഴക്കേ മൂലയ്ക്ക് ഒരു കാളീ ക്ഷേത്രവും വളരെ വലിയ ഒരു കാവും ഉണ്ട്. വന്മരങ്ങളും വള്ളി പടർപ്പ്കളും ചൂരൽ മുള്ളുകളും കൊണ്ട് നിബിഡമായ ഈ കാവും അതിനോട് ചേർന്നുള്ള ഭദ്രകാളിയുടെ ഇരുപ്പും കൂടിയായപ്പോൾ അതുവഴി നടക്കാൻ പകൽ പോലുംആളുകൾ ഭയന്നിരുന്നു, പ്രത്യേകിച്ച് വിജനമായ ഉച്ചനേരങ്ങളിൽ . അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് അതുവഴി വന്ന സുഗുണൻ കാവിനു മുമ്പിൽ വച്ച് പേടിച്ച് ബോധം കെട്ട് തോട്ടിൽ വീണു . തെങ്ങിൽ നിന്ന ഉണക്ക മടൽ വീണ ശബ്ദം കേട്ട് പേടിച്ചതാണെന്ന് പിന്നീട് പറഞ്ഞുകേട്ടു. പത്ത് മിനിട്ട് കഴിഞ്ഞ് അതുവഴി വന്ന രണ്ട് പേർ വീണുകിടന്ന സുഗുണനെ ആശുപത്രിയിൽ എത്തിച്ചു .തോട്ടിൽ വെള്ളമില്ലാതിരുന്നതു കൊണ്ടും സമയത്ത് ആശുപത്രിയിൽ എത്തിയതു കൊണ്ടും സുഗുണൻ രക്ഷപ്പെട്ടു . ആശുപത്രി വിട്ട സുഗുണന്റെ സ്വഭാവത്തിൽ എവിടെയോ ഒരു അക്ഷരപ്പിശക് കാണുന്നതായി തോന്നി. സുഗുണൻ അസമയത്തെല്ലാം വീട്ടിൽ വന്ന് സംസാരിച്ച് തുടങ്ങിയാൽ പിന്നെ നിറുത്തില്ല. ചിലപ്പോൾ കണ്ടാൽ കണ്ടതായി ഭാവിക്കില്ല. നടത്തതിൽ ഒരു താളമാറ്റം . ചുണ്ടിന്റെ ചലനങ്ങളിൽ പ്രകടമായ വ്യത്യാസം . കണ്ണ് ഒരിടത്തും തങ്ങിനിൽകാതെ ഒരു പിടച്ചിൽ. കഷ്ടമായിപ്പോയെന്ന് നീലി വലിയമ്മ നെടുവീർപ്പിട്ടു. വഴിയാത്രക്കാർ സുഗുണനോടുള്ള പതിവു കുശലത്തിൽ കളിയാക്കലിന്റെ മഞ്ഞ കലർത്തി. ഒന്നെനിക്കറിയാം നാട്ടുകാർക്കെല്ലാം സുഗുണനെ മനസ്സിലായിരുന്നു. (അപൂർവ്വം ചില സുഗുണൻമാർക്കൊഴിച്ച്).

രണ്ടു വർഷം മുമ്പ് കണ്ണൂർ എം പി ആയിരുന്ന അബ്ദുല്ല കുട്ടിയുടെ ഒരു ഇന്റർവ്യൂ കാണാനിടയായി. ഇന്റർവ്യൂയിൽ അബ്ദുല്ല കുട്ടിയുടെ വർത്തമനങ്ങൾ ,വിഷയങ്ങളിൽ നിന്നു വിഷയങ്ങളിലേയ്കുള്ള ചാടിക്കടക്കലുകൾ ,കടിഞ്ഞാണു വിട്ട ആത്മഗതങ്ങൾ എല്ലാം കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് സുഗുണനെ ഓർമ്മവന്നു. കുട്ടിയെ എനിക്കു വളരെ നേരത്തേയറിയാം വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത് പലതവണ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. നേരിട്ട് സംസാരിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഒരു പ്രകൃതി മാറ്റം കുട്ടിയിൽ സംഭവിച്ചിരിക്കുന്നതായി തോന്നി. എന്നാൽ ഈ സമയത്ത് മാർക്സിസ്റ്റ് പാർട്ടിയിൽ സജീവമായിരുന്ന ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായ ചില ചുവടുമാറ്റങ്ങളായിരുന്നു അവയെന്ന് ടിവി വാർത്തകളിൽ വിശാരദന്മാർ വിശകലനം ചെയ്തു. ആശയപരമായി മാർക്സിസ്റ്റ് പാർട്ടി എത്തി നിൽക്കുന്ന പാപ്പരത്തതിൽ മനം നൊന്തതാണെന്നു തീവ്ര ഇടതു ചിന്തകർ രോമാഞ്ചം കൊണ്ടു. പുരയ്ക്ക് നേരെ ചാഞ്ഞ കൊമ്പെന്ന് പാർട്ടി പത്രം ലേഖനങ്ങളെഴുതി. . കാലുമാറ്റ രാഷ്ട്രീയത്തിന്റെ വടക്കൻ ചിട്ടയാണോയെന്ന് മാധ്യമങ്ങൾ മഷിയിട്ടു നോക്കി. അപ്പോഴെല്ലാം കുട്ടിയുടെ ചുണ്ടിളക്കത്തിലും മനം തുറക്കലിലും കണ്ണിമയനക്കങ്ങളിലും തെറ്റി തെറ്റിയ നടത്തങ്ങളിലും ഓലമടലുവീണ് പേടിച്ച സുഗുണന്റെ ചിത്രം എന്റെ മനസ്സിൽ ശക്തമാവുകയായിരുന്നു. . ഇന്ന് അബ്ദുള്ള കുട്ടി കണ്ണൂർ എം എൽ എ ആണ്. അഭിമാനർഹമായ ഭൂരിപക്ഷത്തിൽ അദ്ദേഹം നടപ്പുകാല മാർക്സിസ്റ്റ് ശരീരം ജയരാജനെ തോൽ‌പ്പിച്ച് നിയമ സഭയിലെത്തിയിരികുന്നു.. കോൺഗ്രസ്സ് കേരള രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഉയർന്ന ഒരു ശബ്ദത്തെ അനുകൂലമായി ഉപയോഗിച്ചതാണ്. അതിൽ അവർ വിജയം കണ്ടിരിക്കുന്നു. ഇരു കക്ഷികളും മുമ്പും ഇത്തരത്തിൽ മറുകണ്ടം ചാടിയവരെ ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിൽ അബ്ദുള്ള കുട്ടിയാണ് അത്തരത്തിൽ അവസാന പരീക്ഷണം. ഇനി മുതൽ കുട്ടി കൂടുതൽ ആധികാരികതയി;ൽ സംസാരിക്കും. സ്ഥിത പ്രജ്ഞരായ നമ്മുടെ പത്രപ്രവർത്തകർ ഇതെല്ലാം പിന്നാലെ നടന്ന് എഴുതിയെടുക്കും രാഷ്ട്രീയ വിശകലനത്തിനു റിഹേഴ്സൽ നടത്താൻ ബുദ്ധിജീവികൾ പൊങ്ങച്ചം കൊണ്ട് നിറച്ച സ്വീകരണമുറികളിലിരുന്ന് അവയെല്ലാം ഹൃദിസ്ഥമാക്കും.. അപ്പോഴും എന്തുകൊണ്ടോ എനിക്ക് സുഗുണന്റെ മുഖം ഓർമ്മവരുന്നു. അടുത്ത 10 വർഷത്തിനിടയിൽ കോൺഗ്രസ്സ് ഇതിൽ ദുഃഖിക്കുമെന്ന് തീർച്ച.സുകൃതക്ഷയം എന്നല്ലാതെ എന്താ പറയുക.

വാൽകഷണം

തൃശൂർ ജില്ലയിൽ ഇരിങ്ങാലകുടയ്ക്ക് സമീപം ഭാവി പ്രവചിക്കുകയും ചില ഒറ്റമൂലി ചികിത്സകൾ നടത്തുകയും ചെയ്യുന്ന ഒരു സിദ്ധനെ കാണാൻ പോയ എന്റെ സ്നേഹിതൻ രമേശൻ കഴിഞ്ഞതവണ കണ്ടപ്പോൾ ആ അനുഭവം വിവരിച്ചതിങ്ങനെയാണ്. . നല്ല തിരക്കായിരുന്നു അദ്ദേഹത്തെ കാണാൻ . ഏകദേശം 2 മണിക്കൂറോളം കാത്തിരുന്നു ദർശനം ലഭിക്കാൻ. മാറാതെ നിൽക്കുന്ന തലവേദനയ്ക്കുള്ള മരുന്ന് ഉപദേശിക്കുകയും ആത്മീയ സുഖത്തിനായുള്ള സന്ദേശങ്ങൾ പകരുകയും ചെയ്ത കൂട്ടത്തിൽ സിദ്ധൻ 1300 വർഷമായി ജീവിച്ചിരിക്കുന്നതായി ഭക്തരോട് പറഞ്ഞു. . ദക്ഷിണ വച്ച് മരുന്നും വാങ്ങി പുറപ്പെടാൻ തുടങ്ങുമ്പോഴും 1300 വർഷത്തിന്റെ സിദ്ധായുസ്സ് ദഹിക്കാതെ കിടന്നതിനാൽ സിദ്ധന്റെ പരികർമ്മിയായി നിൽക്കുന്ന ഗോവിന്ദനോട് മരുന്ന് പുരയിലേയ്ക്ക് പോകും വഴി രമേശൻ ചോദിച്ചു ഈ 1300 വർഷമായി സ്വാമി ജീവിച്ചിരിക്കുന്നുവെന്നു പറയുന്നത് സത്യമാണോ? ഗോവിന്ദൻ പറഞ്ഞു, അതൊന്നും എനിക്കറിയില്ല പക്ഷേ ഒന്നറിയാം കഴിഞ്ഞ 650 വർഷമായി ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ട്. കൈയ്യിൽ ഇരുന്ന മരുന്നു കുപ്പിൽ അമർത്തി പിടിച്ച് രമേശൻ അടുത്ത വണ്ടി കയറി. ഇന്ന് അബ്ദുള്ള കുട്ടിയുടെ സിദ്ധഗുണങ്ങളെ കുറിച്ചുള്ള എന്റെ സംശയങ്ങൾ ഞാൻ ഏത് പരികർമ്മിയോട് ചോദിക്കും മുരളീധര ഭയത്താൽ മൃത്യുൻ‌ഞ്ജയ ഹോമം നടത്തുന്ന രമേഷ് ചെന്നിതലയോടോ? നേതാക്കളെ കണ്ടെത്താൻ ഖദർ ധാരികളായ സുന്ദരമാർക്ക് കേട്ടെഴുത്ത് നടത്തുന്ന രാഹുൽ ഗാന്ധിയോടോ?

9 comments:

താപ്പു said...

ഇന്ന് അബ്ദുള്ള കുട്ടിയുടെ സിദ്ധഗുണങ്ങളെ കുറിച്ചുള്ള എന്റെ സംശയങ്ങൾ ഞാൻ ഏത് പരികർമ്മിയോട് ചോദിക്കും മുരളീധര ഭയത്താൽ മൃത്യുൻ‌ഞ്ജയ ഹോമം നടത്തുന്ന രമേഷ് ചെന്നിതലയോടോ? നേതാക്കളെ കണ്ടെത്താൻ ഖദർ ധാരികളായ സുന്ദരമാർക്ക് കേട്ടെഴുത്ത് നടത്തുന്ന രാഹുൽ ഗാന്ധിയോടോ?

Anonymous said...

ayaal manorogathinu treatment cheyyunna alaanu.

. said...

രാഷ്ട്രീയത്തില്‍ അടവുകളും തടവുകളുമാണ് പ്രധാനം. അല്ലാതെ മനോനിലയും മറ്റിമേജുകളുമല്ലെന്നു താപ്പുവണ്ണനറിയില്ലായോ?

Anonymous said...

ഒറ്റ രാത്റി കൊണ്ട്‌ നമ്പാടന്‍ മാഷിനെ കാലുമാറ്റി കരുണാകരന്‍ കാസ്റ്റിംഗ്‌ മന്ത്റി സഭ മറിച്ചിട്ടത്‌ മറന്നുപോയോ?

മുരളീധരനെ പറഞ്ഞു പറ്റിച്ചു കൊണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതും ലാവ ലിന്‍ ഫയലുകള്‍ മുക്കിയതും മറന്നു പോയോ?

പാണറ്‍ പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട്‌ നിങ്ങളുടെ നാട്ടില്‍?

താപ്പു said...

കുട്ടിയുടെ അസുഖം നമ്പാടനും മുരളിക്കും പിണറായിക്കും അസുഖമുണ്ടെന്ന് പറഞ്ഞാൽ മാറുമോ സോദരാ.. മരുന്നു കഴിക്കണം അല്ലാതെന്തു വഴി

hydrosekutty said...

innattippa enthayi??????

result vannappo cup sugunan kondoyi

മനനം മനോമനന്‍ said...

വായിച്ചു. കൊള്ളാം.ആശംസകൾ!

കാട്ടിപ്പരുത്തി said...

കാലമിനിയുമുരുളും
വിഷു വരും വര്‍ഷം വരും

സംശയരോഗി said...

സാറ് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല , സാറിനെ പോലെ ഉള്ള തീവ്ര രാഷ്ട്രീയ ബുദ്ധി ജീവികള്‍ ചിലരെ തിരഞ്ഞു പിടിച്ചു വ്യക്തി പരമായി അധിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് സാധാരണക്കാരുടെ പിന്തുണ കൂടുന്നതായി കാണുന്നു . അതിപ്പോള്‍ ശശി തരൂര്‍ (ഒരു ലക്ഷത്തില്‍ പരം ) ആയാലും അബ്ദുള്ളക്കുട്ടി (പന്ത്രണ്ടായിരത്തിനും മേലെ ) ആയാലും. ഒരാളെ അയാളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരിലോ വ്യക്ത്വത്തിന്റെ പേരിലോ അവഹേളിക്കുന്ന (എതിര്‍ക്കുന്ന അല്ല ) ഈ പ്രത്യേക രാഷ്ട്രീയ പ്രവര്‍ത്തനത്തെ പറ്റി അങ്ങില്‍ നിന്നും ഒരു പോസ്റ്റ്‌ തന്നെ പ്രതീക്ഷിക്കുന്നു