Sunday, February 15, 2009

പിടിച്ചു നില്പ്

















നിന്നെക്കാൾ
നല്ലവരൊക്കെയും
മരിച്ചു.
നീ
മരണം
സ്ഥിതീകരിക്കാത്ത ശരീരം.

പഴയആഹാരത്തിന്റെ
ഗുണമെന്നു
ചിലർ
നടപ്പുക്കാല വ്യാ‍യാമത്താലെന്ന്
നിരീക്ഷകർ

എനിക്കറിയാം
നിനക്ക്
പോകാൻ മടിയുണ്ട്.
തുടങ്ങിവച്ചതിന്റെ കൂടെ
മറ്റാരും ഇല്ലായെന്ന ആധി?
തോറ്റുപോയവരുടെയും
ഒറ്റുകാരുടെയും
ശവമെടുത്ത തെമ്മാടിക്കുഴിയുടെ
ഭയം?
അല്ലങ്കിൽ
നിത്യതയുടെ
ഓഹരി നിക്ഷേപങ്ങളോടെ
നിനക്കും
ചിരഞ്ജീവിയായിക്കൂടെ?

Sunday, February 8, 2009

ആൾ മാറാട്ടത്തിന്റെ ബ്ലോഗ് ദൈവങ്ങൾ

ഞാൻ താപ്പു..... ഒരു ബ്ലോഗ് വായനക്കാരനാണ്. ബ്ലോഗ് പോസ്റ്റുകൾ വായിച്ചു കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവൻ എന്ന അർത്ഥത്തിൽ ‘തപ്പു‘ എന്നാണ് ശരിക്കും പേരിടേണ്ടിയിരുന്നത്. ഒരു പോസ്റ്റ് എഴുതിയുണ്ടാക്കുന്നതിനുള്ള സാഹിത്യബോധമോ, ചിന്താവൈഭവമോ എനിക്കില്ലയെന്നു സ്വയം ബോധ്യം വന്നിട്ടുള്ളതിനാൽ ഇന്നു വരെ അത്തരമൊരു സാഹസത്തിനു മുതിർന്നിട്ടില്ല.മലയാളം വായിക്കാനറിയാം അത്രയ്ക്കുള്ള പഠിത്തമേയുള്ളൂ. അരെങ്കിലും ഇതിനിടയിൽ ഇംഗ്ലീഷിലോ, ഘടനാവാദാന്തര മലയാളത്തിലോ കാച്ചിയാൽ വെള്ളം കുടിച്ചതു തന്നെ. എങ്കിലും ഇക്കാലത്ത് ബ്ലൊഗുകളിലൂടെ സഞ്ചരിക്കുകയെന്നത് എന്റെ വിനോദോപാധിയായി തീർന്നിട്ടുണ്ട്.

മലയാളത്തിൽ ബ്ലോഗ് വ്യാപകമാകുന്നത് സാങ്കേതികന്മാരായ ചില പ്രവാസി(ഖലാസി) കളുടെ കരുണാ കടാക്ഷത്തിലൂടെയാണല്ലോ. വിഷയ വിചാരത്താലും അനുചരവൃന്ദത്താലും അവർ തന്നെയാണു ഇന്നും പ്രബലർ. എന്തെങ്കിലും അന്യവർഗ്ഗ ഇടപെടലുകൾ ഉണ്ടായാൽ നമ്മുടെ കോളനികളിൽ വന്ന വരുത്തന്മാരെ അടിക്കുമ്പോലെ ആക്രമിച്ചു നിലം പരിശാക്കാൻ പോന്ന ഉശിരന്മാർ. പക്ഷേ കാലം ഒരുത്തന്റേയും മച്ചമ്പിയല്ലല്ലോ 2008ആയപ്പോഴേക്കും ബ്ലോഗിടത്തിലേക്കു കൂടുതൽ ആളുകൾ വരാൻ തുടങ്ങി. ഈടുറ്റ പോസ്റ്റുകൾ കൊണ്ടും കമന്റുകൾ കൊണ്ടും രംഗം കലുഷിതമായി. ഇതൊന്നും ഇവിടെ നേരത്തേ നാലും കൂട്ടി മുറുക്കി നാലുപാടും പാറ്റിതുപ്പി രസിച്ചിരുന്നവർക്കു അത്ര പിടിച്ചില്ല.അസ്വസ്തത പുകയുകയായിരുന്നുവെന്ന് സർവ്വേകൾ സൂചിപ്പിക്കുന്നു.

അല്ല ഞാനിതെന്തിന്നാണു ഇങ്ങനെ പണ്ടിരുന്നതും പഴമ്പാളയിൽ തൂറിയതുമായ കാര്യങ്ങൾ വിവരിക്കുന്നത്. ഈയുള്ളവനു ഒരു ഊച്ചാളിയിൽനിന്നു കിട്ടിയ ഒരടിയെ കുറിച്ചു പറഞ്ഞുവരുകയായിരുന്നു. 2009 ഫെബ്രു: 8 ഞായറാഴ്ച രാവിലെ 8.15 ഓട് കൂടി നെറ്റിലേയ്ക്ക് പ്രവേശിച്ച ഞാൻ ചിന്തയുടെ അഗ്രിഗേറ്ററിലൂടെ സാകൂതം ഉലാത്തുകയയായിരുന്നു. സുപ്രസിദ്ധനും/സുപ്രസിദ്ധയും ലിംഗഭേദ വിമുക്തനുമായ പ്രമുഖ ബ്ലോഗർ ഇഞ്ചിപ്പെണ്ണിന്റെ പേരിൽ പുതിയ പോസ്റ്റ് കാണുകയാൽ പ്രതിപദം മന്ദം നടന്നു അടുത്ത് ചെന്നു നോക്കി. ആണ്മയെ കുറിച്ചുള്ള അത്യുദാത്തമായ ഒരു കവ്യമുത്ത്. അനുഭവത്തിന്റെ രോമാഞ്ചങ്ങൾ വിതച്ചങ്ങനെ പരിലസിക്കുന്നു. റിംബോ പറഞ്ഞ “ ഒരൊറ്റ ബിംബം മതി ഒരാളെ കവിയെന്നു എക്കാലവും ഓർമ്മിക്കാൻ“ എന്ന വചനം നാലഞ്ചു തവണ മനസ്സിലോർത്തു. ഇത്ര മനോഹരമായ കാവ്യതല്പത്തിൽ തേന്നുകർന്നിട്ടും നന്ദി പറയാതെ പോവുന്നതെങ്ങനെയെന്നു കരുതുകയാൽ ലൊഗിൻ ചെയ്യാനൊന്നും നിൽക്കാതെ ഒരു കമന്റ് ഇട്ടു. അവിടെ വച്ചാണു അടിയന്റെ അടിതെറ്റിയത്. കമന്റ് ഇങ്ങനെAnonymous said...
പ്രിയ പെരിങ്ങോടൻ.....അങ്ങയുടെ കവിത നന്നായിട്ടുണ്ട്. ഇനിയും ഇത്തരം രചനകൾ ഇവിടെ പ്രതീക്ഷിക്കുന്നു. ആശംസകൾ . കമന്റ് വന്നു മൂന്നു മിനിട്ടുകൾക്കകം അതു ആരോ ഡിലീറ്റ് ചെയ്തു. ഇതെന്ത് മറിമായം എന്നു ചിന്തിച്ചു സമയം കളയാനില്ലാത്തതു കൊണ്ട് വീണ്ടും അതേ കമന്റ് ആവർത്തിച്ചു. രണ്ടു മിനുട്ട് ആയുസ്സേ അതിനും ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ നാട്ടിൻ പുറത്തുകാർ മലയാളികൾ ആരാ മക്കൾ.. കുയിലിനോട് എതിർപ്പാട്ട് പാടി വിപ്ലവത്തിന്റെ ചെറുത്തുനിൽ‌പ്പ് പാഠങ്ങൾ പഠിച്ചവരല്ലേ അങ്ങനെ അങ്ങ് വിട്ടുകൊടുക്കുമോ? ഒരു പക്ഷേ യഥാർത്ഥ ഐ ഡിയിൽ വരാത്തതിനാലാകാം ഇങ്ങനെ മായ്ച്ചു കളയുന്നത്. സ്വന്തം പേരിൽ കമന്റി. എവിടെ നാലാം മിനുട്ടിൽ അതും മായ്ച്ചു. ഞാനാലോചിച്ചു എവിടെയാണു എനിക്കു ചുവടുപിഴച്ചത്. കമന്റിടാനായി ഫാൻ അസോസിയേഷനും മറ്റും ചെല്ലും ചെലവും നൽകി വളർത്തുന്ന ഇക്കാലത്ത് ഇത്ര നല്ല ഒരു കമന്റ് കൊടുത്തിട്ടും മായ്ച്ചു കളഞ്ഞതെന്തേ? അപ്പോഴാണു എന്റെ തെറ്റ് എനിക്കു പൂർണ്ണമായി മനസ്സിലായത്. തുടങ്ങിയടുത്തല്ല അവസാനിപ്പിച്ചത് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗിൽ കയറി കവിത വായിച്ചിട്ട് പെരിങ്ങോടനു ആശംസപറയുന്നത് എവിടുത്തെ രീതിയാ. ചുമ്മാതല്ല ഇങ്ങനെ മായ്ച്ചു കളഞ്ഞത്. ഇഞ്ചിയായതു കൊണ്ട് അത്രയേ ചെയ്തുള്ളൂ മാറ്റാരെങ്കിലും ആണങ്കിൽ അടിതന്നെ തന്നേനെ. പറ്റിപ്പോയ അബദ്ധത്തിൽ തലനാണം കൊണ്ട് കുനിഞ്ഞു .റോഡിലേക്ക് നേരെ നോക്കാൻ ധൈര്യം കിട്ടാ‍തെ ഒളികണ്ണിട്ട് നോക്കി പത്ത് കിലോമീറ്ററോളം കാറോടിച്ചു. യാത്രക്കിടയിൽ വീണ്ടും ചിന്ത കാടുകയറാൻ തുടങ്ങി. ഇത്ര ആന മണ്ടത്തരം ചെയ്യാ‍ൻ എന്തേ കാ‍രണം. ഫ്രോയിഡിയൻ സ്വപ്ന വിശകലനവും ഗസ്റ്റാൾട്ട് കാരുടെ കാഴ്ച വിശകലനവും എല്ലാം വച്ചു ഒന്നു മനസ്സിരുത്തി ഗണിച്ചു. അപ്പോഴാണു കുറച്ചുകാലം മുമ്പ് വായിച്ച പെരിങ്ങോടന്റെ ആണ്മയെ കുറിച്ചുള്ള എഴുത്തുകൾ ഓർമ്മവന്നത്. ചുമ്മതല്ല എനിക്കു അക്കിടിപറ്റിയത് പഴയ വായനയുടെ ഓർമ്മ ടിഗർചെയ്തു. ദറിദയാണെന്നു തോന്നുന്നു പറഞ്ഞത് വായിക്കുമ്പോൾ ടെക്റ്റ് മാത്രമാണു സത്യം എഴുത്തുകാരൻ പുല്ലാണെന്നു. അങ്ങനെ വായിച്ചപ്പോൾ ഇഞ്ചിയെവിടെ ചുക്കെവിടെ മുഴുവൻ പെരിങ്ങോടൻ നിറഞ്ഞു നിൽക്കുന്നു. അതു വച്ചു കമന്റും കാച്ചി അമളിയും പിണഞ്ഞു.

പറ്റിപ്പോയ അബദ്ധങ്ങൾ ഏറ്റ് പറഞ്ഞില്ലങ്കിൽ എനിക്കു ഉറക്കം കിട്ടില്ല. അതാണു ഈ പടുവാക്കുകൾ ഇവിടെ കുറിച്ചത്. കൂട്ടത്തിൽ ഒരഭ്യർത്ഥനക്കൂടി സർഗ്ഗാത്മക സൃഷ്ടികൾ നടത്തുന്നവർ സൃഷ്ടാവിനെ വേർതിരിച്ചു നിറുത്തുന്ന എന്തെങ്കിലും ഒന്നു അതിൽ കരുതിയേക്കണം. ഒരു മണം അല്ലങ്കിൽ ഒരു നിറം എന്തെങ്കിലും. എന്നെപ്പോലെ നല്ല ബോധവും വെളിച്ചവും ഇല്ലത്ത ആരെങ്കിലും ഒരു മുഖം മാത്രം ഉള്ളിൽ എന്നു പാടി ഇതുപോലെ കമന്റടിക്കും. വ്യതിരിക്തമായ രചനാ രീതികളിലൂടെ അങ്ങനെ ബ്ലോഗിന്റെ നാനാത്വത്തെ നമുക്കു കീപ്പുചെയ്യാം.