Monday, August 9, 2010

ഒരു അനുഷ്ഠാന നാടകത്തിന്റെ ചുവടുവയ്പുകൾ


ന്ന് കർക്കിടക വാവാണ്. തിരുവല്ലത്തും വർക്കലയിലും ആലുവായിലും തിരുനാവായിലും തിരുനെല്ലിയിലുമൊക്കെയായി പിതൃക്കൾക്ക് ബലിതർപ്പണം ചെയ്യാൻ പതിനായിരങ്ങൾ തിക്കിതിരക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലിൽ വന്നുകൊണ്ടിരിക്കുന്നു. ഇന്നലെ ഈ നേരത്ത് ദൃശ്യമാധ്യമങ്ങൾ ആഘോഷിച്ചത് മറ്റൊരു വാർഷിക ബലിതർപ്പണത്തിന്റെ കാഴ്ചകളായിരുന്നു. വിജയവാഡയിൽ നടക്കുന്ന സി പി എം സെന്റ്രൽ കമ്മിറ്റി മീറ്റിംഗിന് വന്നണയുന്ന ധീരന്മാരുടെ ദൃശ്യങ്ങളായിരുന്നു അത്. എൻ എൻ പിള്ള തന്റെ നാടകത്തിൽ പറഞ്ഞതുപോലെ ' What a coincidence'

കർക്കിടക വാവു ദിവസം പിതൃക്കൾക്ക് ബലിതർപ്പണം ചെയ്യുകയെന്നത് ഹൈന്ദവ ആചാരങ്ങളിൽ വളരെ പ്രധാന്യമുള്ള ആചാരമാണ്. വ്രതശുദ്ധിയോടെ അനുഷ്ഠിക്കുന്ന ഈ കർമ്മത്തിൽ ധാരാളം സിംബോളിക്ക് ആയ അംശങ്ങൾ ഉണ്ട്. ദർഭയിൽ ആൾ രൂപമുണ്ടാക്കിവയ്ക്കുന്നതു മുതൽ പവിത്രമോതിരം വരെ നിരവധി ബിംബങ്ങൾ ഈ ചടങ്ങിൽ അടങ്ങിയിരിക്കുന്നു. കേന്ദ്രകമ്മിറ്റിയും ഇത്തരം സങ്കീർണ്ണമായ നിരവധി സിബോളിക്ക് കർമ്മങ്ങളാൽ സമൃദ്ധമാണ്. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പങ്ങളിൽ അർപ്പിക്കുന്നതിൽ തുടങ്ങി പ്രമേയമന്ത്രങ്ങളാൽ അവസാനിക്കുന്ന ഈ അനുഷ്ഠാന നാടകത്തിൽ ബിംബങ്ങളിൽ ഉറങ്ങുന്ന സ്മൃതികൾ അനവധിയാണ്. ദർഭപുല്ലിൽ ഉണ്ടാക്കിവയ്ക്കുന്ന ആൾ രൂപങ്ങളിൽ ശക്തിയെ ആവാഹിക്കുന്നതു പോലെ സമാനമായ ചടങ്ങാണ്, പാർടി കോൺഗ്രസ്സിലും കേന്ദ്രകമിറ്റി മീറ്റിംഗിലുമൊക്കെ നടക്കുന്ന മുഖ്യശത്രുവിനെ ആവാഹിക്കുന്ന ചടങ്ങ്. ഇങ്ങനെ ഓരോ സമ്മേളനകാലത്തിലും ആവാഹിച്ചിരുത്തുന്ന മുഖ്യശത്രുവിന്റെ രൂപഭാവാദികൾ പാർട്ടി ജനറൽ സെക്രട്ടറി വിശദീകരിക്കുന്ന ചടങ്ങ് പ്രധാന്യമുള്ളതാണ്. ഇന്നലെ ഈ ചടങ്ങ് മുഴുനീളെ ദർശിക്കുവാൻ ഈയുള്ളവനു കിട്ടിയ ഭാഗ്യവും അതുളവാക്കിയ സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയില്ല.

മഹാ മാന്ത്രികനായ പ്രകാശ് കാരാട്ട് ഇന്നലെ ദേശീയ മാധ്യമങ്ങളോട് ബംഗാളിലെ മുഖ്യശത്രു മമത ബാനർജിയാണെന്നു വിശദീകരിച്ചു. മുപ്പത്തി മൂന്ന് വർഷമായി തുടരുന്ന മാർക്സ്സ്റ്റ് ഭരണത്തിന് ഭീഷണിയായി മാറിയ മമതയെ മുഖ്യശത്രുവായി നിർണ്ണയിച്ചതിൽ അത്ഭുതപ്പെടാനില്ല. പക്ഷേ കുഞ്ഞിൻ നാൾ മുതൽ ഞങ്ങൾ കേട്ടുവളർന്ന മാർക്സിയൻ ലോക വീക്ഷണവുമായി ഒരു വിധത്തിലും കൂട്ടിമുട്ടുന്നില്ലല്ലോ എന്റെ പറശ്ശനികടവ് പാർക്ക് മുത്തപ്പാ ഈ ശത്രു നിർണ്ണയം. ഇന്ത്യൻ ദേശീയ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം . ബ്രിട്ടീഷ് വിരുദ്ധ വികാരം കുഗ്രാമങ്ങളിൽ പോലും പതഞ്ഞ് പൊങ്ങുന്ന കാലത്താണ് രണ്ടാം ലോക യുദ്ധമുണ്ടാകുന്നത്. യുദ്ധത്തിൽ ഒരു പക്ഷത്ത് ഉണ്ടായിരുന്നത് ഹിറ്റ്ലർ ആയിരുന്നു. ബ്രിട്ടീഷുകാർ ഹിറ്റ്ലർക്കെതിരെയുള്ള ചേരിൽ നിന്നാണ് യുദ്ധത്തെ നേരിട്ടത്. ഫാസിസ്റ്റ് ഭീഷണിയാണ് ലോകത്തിലെ പ്രധാന ഭീഷണിയെന്നും അതിനാൽ പ്രാദേശികമെന്നല്ല ദേശീയമായ താത്പര്യങ്ങൾ പോലും നിസ്സാരമാണെന്നും പറഞ്ഞാണ് സാർവ്വ ദേശീയ രാഷ്ടീയത്തിന്റെ ദീർഘവീക്ഷണം കമ്മ്യൂണിസ്റ്റ്കൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. അങ്ങനെ ബ്രിട്ടീഷ് മേൽകോയ്മക്കെതിരെയുള്ള സ്വാഭാവിക വിരോധം പോലും മറന്ന് ബ്രിട്ടനു അനുകൂല നിലപാടെടുക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാർ തയ്യാറായി. സ്വാതന്ത്ര്യാനന്തര ഭാരത്തിൽ പിന്നെ പലപ്പോഴും അകത്തു നിന്നും പുറത്തു നിന്നും ഈ നിലപാടിന്റെ പേരിൽ ചോദ്യങ്ങളും ആക്രമണങ്ങളും വന്നപ്പോഴെല്ലാം കമ്മ്യൂണിസ്റ്റ്കാരുടെ സാർവ്വദേശീയ രാഷ്ട്രീയ ബോധത്തെ സംബന്ധിക്കുന്ന നീട്ടെഴുത്തുകൾ പുറപ്പെടുവിച്ചാണ് ഇതിനെയെല്ലാം നേരിട്ടിട്ടുള്ളത്. ആ ബോധത്തിന്റെ തുടർച്ചയിലാണ് ഇറാക്ക് യുദ്ധം ഗാസ്സായുദ്ധം തുടങ്ങിയ സാർവ്വദേശീയ പ്രശ്നങ്ങൾ കേരളത്തിലും ബംഗാലിലും ചായക്കടകളിൽ പോലും ചർച്ച ചെയ്യുന്ന തരത്തിൽ രാഷ്ട്രീയവൽകരിച്ചത്. പക്ഷേ ഇന്ന് സാർവ്വ ദേശീയം പോയിട്ട് ദേശീയരാഷ്ട്രീയ ബോധം പോലും ഉയർത്തിപ്പിടിക്കാൻ കാരാട്ടിന്റെ പാർട്ടിക്ക് ആകുന്നില്ല. പ്രാദേശിക അധികാര സംരക്ഷണം പരമപ്രധാനമാണെന്ന് വിളിച്ചുപറയുകയാണവർ. മാർക്സിയൻ വീക്ഷണവുമായി എങ്ങനെയാണ് ഇത് കണ്ണിചേർക്കുന്നതെന്ന് പാർട്ടിയുടെ ഇരകളും ഇരവാദികളുമൊന്നും വിശദീകരിച്ചു കണ്ടില്ല. സഖാവേ പ്രകാശാ ഒന്ന് തീർച്ചയാണ് ഒന്നുകിൽ പ്രാദേശിക , ദേശീയ വികാരങ്ങളെയും സാബ്രാജിത്വം നൽകിയ അടിമ ജീവിതത്തെയും മറന്ന് ലോകവീക്ഷണം ഉയർത്തിപിടിച്ച നിങ്ങളുടെ പൂർവ്വികർക്ക് തെറ്റി. അല്ലങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പരമാധികാരം പോലും അമേരിക്കൻ സാബ്രാജിത്വത്തിനു അടിയറവയ്ക്കാനിറങ്ങി തിരിച്ചിരിക്കുന്ന കോൺഗ്രസ്സിനെയോ മതരാഷ്ട്ര നിർമ്മിതിക്കായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബിജെപിയെയോ കാണാതെ മമതയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച താങ്കൾക്ക് തെറ്റി.

ബംഗാളിലെ മമതയുടെ വളർച്ചയ്ക്ക് കാരണമെന്തെന്നന്വേഷിക്കാൻ അവർ വിജയ വാഡയിൽ മിനകെട്ടില്ല. ബ്രായുടെ ഹുക്ക് ഇടുന്ന ദിവസം ബ്ലൌസ്സിന്റെ ഹൂക്കിടാൻ മറന്നുപോവുകയും ബ്ലൌസ്സിന്റെ ഹൂക്കിടുന്ന ദിവസം ബ്രായുടെ ഹൂക്കിടാൻ മറന്നുപോവുകയും ചെയ്യുന്ന ഒരു അബ്നോർമ്മൽ തള്ളയുടെ ഒരുമ്പെട്ടിറക്കത്തിൽ പത്തെഴുപത്തിയഞ്ച് വർഷമായി ഉരുക്ക്കോട്ട പോലെ പണിതുയർത്തിയതെല്ലാം തകർന്ന് പോവുന്നുവെങ്കിൽ മിസ്റ്റർ കാരാട്ട് നിങ്ങൾ രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം. എന്തുകൊണ്ട് സാധാരണക്കാരായ മനുഷ്യർ ഈ പ്രസ്ഥാനം വിട്ട് പോകുന്നുവെന്ന് അന്വേഷിക്കാതെയുള്ള ഇമ്മാതിരി അസംബന്ധങ്ങൾ സർവ്വ അതിരുകളും ഭേദിച്ചിരിക്കുന്നു. പാലസ്തീനനുകൂലമായി പ്രമേയം പാസ്സാക്കിയതു കൊണ്ടോ സദ്ദാം ഹുസൈനു വേണ്ടി ദേശീയബന്ത് നടത്തിയതുകൊണ്ടോ കെ ഇ എൻ പറയുന്നതു പോലെ ജമാ അതൈ ഇസ്ലാമിയുടെ ഇരകളോട് താതാത്മ്യം പ്രപിച്ചതുകൊണ്ടോ അല്ല ബംഗാളിലെ ദരിദ്രരായ മുസ്ലീമുകൾ മാർക്സിസ്റ്റ് പാർട്ടിയോട് ചേർന്ന് നിന്നത്. ഈ പാർടി ദുഖിതന്റെയും കഷ്ടപ്പെടുന്നവന്റെയും കൂടെയാണെന്ന് കരുതിയിട്ടാണ്. ആ ആശ നശിച്ച കാലം മുതൽ അവർ മറ്റിടങ്ങളിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങി. ഇന്ന് മമത പോലും മുഖ്യശത്രുവുമായി. നാളെ കേരളത്തിലെ മുഖ്യശത്രു മാണിയോ ബാലകൃഷ്ണപിള്ളയോ ആണെന്ന് രാഷ്ട്രീയ പ്രമേയമവതരിപ്പിക്കാൻ ഒരു കേന്ദ്രകമ്മിറ്റി കൂടി കൂടില്ലായെന്നാരു കണ്ടു. സുകൃത ക്ഷയമെന്നാല്ലാതെയെന്തു പറയാൻ.