Sunday, July 19, 2009

ലാവ്‌ലിനും ലാവണ്യപ്പെട്ടിയും

കുറ്റപ്പുഴ (Crime River) ഒഴുകി പെരിയാറായ കഥ (രണ്ടാം ഭാഗം)


"കാലമെന്നൊന്നില്ല, ഉഗ്ര ഭാസ്കര രശ്‌മി ജ്വാലക്ക്
ചൂടില്ലല്പം ഞങ്ങൾ തങ്ങളിൽ ചേർന്നാൽ."

പ്രണയത്തിന്റെ മഹാനുഭവത്തിൽ ഒന്നായിരിക്കുമ്പോൾ കാലം നിശ്ചലമാണെന്നും കൊടും വേനൽ പോലും നിസ്സാരമാണെന്നും ജി.ശങ്കരക്കുറുപ്പ് എഴുതിയത് ഞാൻ വായിക്കുന്നത് കൌമാരത്തിന്റെ ഉദയത്തിൽ വെച്ചാണ്. സത്യത്തിൽ ആ വരികളിലെ ആഴം അന്ന് എനിക്കു പൂർണ്ണമായും മനസ്സിലായിരുന്നില്ല. പിന്നീട് പ്രണയാനുഭവങ്ങളിൽപെട്ട് പനിച്ചുപോയപ്പോഴാണു തീർത്തും അതിനുള്ളിലെ അർത്ഥം മനസ്സിലാവുന്നത്. ഇന്ന് മറ്റൊരു context-ൽ ഈ വരികൾ വീണ്ടും വന്നു നിറയുകയാണു. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും,ബിസിനസ്സ് പ്രമുഖരും, ആഗോള സാമ്രാജ്യത്വ ശക്തികളും അവരുടെ ദല്ലാൾമാരും ചേർന്നിരിക്കുന്ന കാഴ്ച്ച ജിയെ ഓർമ്മയിൽ കൊണ്ടുവരുന്നു. ഒരു സമരതീച്ചൂളയും ഇതിനെ ഇളക്കാൻ പ്രാപ്തമല്ല. ഒരു രാഷ്ട്രീയ തപശക്തിയും ഇവർക്ക് പ്രശ്നമല്ല. ഒരു ഉരുക്കു കോട്ടയും ഈ യാത്രക്കു തടസ്സമല്ല. കാലമെന്നൊന്നില്ല.

അലസിപ്പോയ പാട്ടുകൾ

പത്മനാഭയിൽ നിന്നു മാറ്റിനി കഴിഞ്ഞ് ഇറങ്ങുമ്പോൾ നഗരം കുളികഴിഞ്ഞ് ഈറൻ തോർത്തുകയായിരുന്നു. ഒരു തുലാമഴ കഴിഞ്ഞ വൈകുന്നേരം വീട് പൂകാനുള്ള തിരക്കിലാണു. പോക്കുവെയിൽ അങ്ങിങ്ങ് കെട്ടികിടക്കുന്ന ചെളിവെള്ളത്തിൽ മുഖം നോക്കി മിനുക്കുന്നു.ഗട്ടർ വെള്ളത്തിൽ ആണ്ടു പോകാതെ കാലുകൾ നീട്ടിവച്ച് ഞാൻ പാർത്ഥാസിനു പിറകിലെ വഴിയിലൂടെ തമ്പാനൂരിലേക്കു നടന്നു. വഴിയുടെ ഇരുപുറവുമുള്ള കാസറ്റ് കടകൾ പാട്ടുകൾ മുഴുവനാക്കാതെ അലസിപ്പിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണു പേരുവിളിച്ചുകൊണ്ട് പുറകിൽ നിന്നും ഒരാൾ തോളിൽ കൈവച്ചത്. തിരിഞ്ഞു നോക്കുമ്പോൾ നിൽക്കുന്നു നാസ്സർ(ഈ പേർ കഴിഞ്ഞ ഭാഗത്ത് മനപൂർവ്വം ഒഴിവാക്കിയിരുന്നു). വർക്കല – കല്ലമ്പലം സ്വദേശിയായ നാസ്സറിനെ ഏകദേശം ഒരു കൊല്ലം മുമ്പാണു അവസാനമായി കണ്ടത്. അന്ന് എസ്സ് എൻ സി ലാവ്‌ലിന്റെ ഇന്ത്യൻ ചുമതലക്കാരനാ‍യതിന്റെ സന്തോഷം പങ്കു വച്ചിരുന്നു. അല്പം നീണ്ട ഇടവേളക്കു ശേഷം കണ്ട സുഹൃത്തിനോടുള്ള കുശലാന്വേഷണങ്ങൾ കുടും‌ബം, നാട് എന്നിവ കടന്ന് രാഷ്ട്രീയം ഔദ്യോഗിക ജീവിതം എന്നിങ്ങനെ കാടുകയറി. നാസർ മിക്കപ്പോഴും എന്നോട് ചെയ്യാറുള്ളതു പോലെ പരിഹാസത്തിന്റെ കെട്ടഴിച്ചു. സർക്കാർ പൊതുമരാമത്തു വകുപ്പിലെ അല്പ ശമ്പളത്തോടെയുള്ള ജോലി, ആദർശങ്ങളുടെ ചിലവാകാത്ത നാണയങ്ങൾ, പ്രണയ വിവാഹത്തിന്റെ വേരറ്റ വളർച്ച ഇങ്ങനെ എന്നെ കളിയാക്കാൻ നാസറിനു ടൂളുകൾ അനവധിയാണു. അസ്തമയ സൂര്യനും മഞ്ഞവെയിലാൽ ഈ പരിഹാസം ഏറ്റെടുത്തതു പോലെ തോന്നി. പിഞ്ഞിയ കോളറുകളോടെ വടിപോലെ തേയ്ച്ച് നിറുത്തിയ ഖദറുടുപ്പുകളിൽ നിന്നു ലൂയിസ് ഫിലിപ്പിന്റെ നിറപ്പൊലിമയിലേയ്ക്ക് നാസർ വിവർത്തനം ചെയ്തിരിക്കുന്നത് എന്നെ അൽഭുതപ്പെടുത്തി. ആദർശങ്ങളുടെ വൃഥാഭാരങ്ങൾ വച്ച് ഭാര്യയെയും കുട്ടികളെയും ശ്വാസം മുട്ടിക്കരുതെന്ന് നാസ്സർ എന്നെ ഉപദേശിച്ചു.

“ഭാഗ്യങ്ങളുടെ മഹാ സാധ്യതകൾ തുറന്നിടും എന്ന് നീ വീമ്പിളക്കിയ എസ്സ് എൻ സി ലാവ്‌ലിൻ ദൌത്യം പാതിയിലുപേക്ഷിക്കേണ്ടി വരുമല്ലോ നാസ്സറേ? കാര്യങ്ങൾ മുകളിലുള്ളവൻ നിന്റെ വരുതിയിൽ വരുത്താൻ തീരുമാനിചിട്ടില്ലായെന്നു തോന്നുന്നു.” ഞാൻ തിരിച്ചടിച്ചു.
കാർത്തികേയൻ അപ്പോഴേക്കും മന്ത്രിയല്ലാതായികഴിഞ്ഞിരുന്നു. കേരളത്തിൽ കോൺഗ്രസ്സ് മന്ത്രിസഭ പോയി സ: നയനാരുടെ നേതൃത്ത്വത്തിൽ ഇടതു മന്ത്രിസഭ അധികാരത്തിലെത്തിയിരിക്കുകയാണു. ഈ വക മാറ്റങ്ങൾ നാസർ ആക്ഷേപിച്ച ആദര്‍ശ ജീവിതത്തിനു മാറ്റ് കൂട്ടുന്നതാണല്ലോയെന്ന അഹങ്കാരമുണ്ടായിരുന്നു എന്റെ മറുപടിയിൽ.

" കേരളവും അതിന്റെ ചരിത്രവും നിന്നെപ്പോലെ ഒരാൾക്ക് കാനഡയിലോ അമേരിക്കയിലോ കൊണ്ട് പോയി തീറാധാരമെഴുതുവാനുള്ളതല്ല,അതു കൊണ്ടാണ് ഞങ്ങൾ തീയിൽ മുളച്ച ഒരു കണ്ണൂരുകാരനെ തന്നെ വൈദ്യുതി വകുപ്പ് ഏൽ‌പ്പിച്ചിരിക്കുന്നതെന്നു" കൂടി ഞാൻ വച്ചു കീച്ചി. നാസ്സർ എന്റെ തോളിൽ കൈവച്ചുകൊണ്ട് കുലുങ്ങി കുലുങ്ങി ചിരിക്കാൻ തുടങ്ങി. ചിരിയുടെ അർത്ഥം മനസ്സിലാകാതെ മിഴിച്ചു നിന്ന എന്നോട് നാസ്സർ പറഞ്ഞു.

“നാലു കപ്പലണ്ടി മിഠായി ഒരുമിച്ച് കണ്ടിട്ടില്ലാത്ത പല്ലുപോയ കോൺഗ്രസ്സുകാരനെ കൊണ്ടാണോ ഡാം കെട്ടുന്നതും ജനറേറ്റർ സ്ഥാപിക്കുന്നതും. ഭീരുവായ ആ കാർത്തികേയൻ എത്ര ദിവസമായി ഈ ഫയലുകൾക്ക് മുകളിൽ ഇരുന്നു നിരങ്ങുന്നു. അതിനൊക്കെ നീ പറഞ്ഞതു പോലെ ആൺകുട്ടികൾ തന്നെ വേണം. രണ്ടാഴ്ച്ക്കകം ഞങ്ങൾ കാനഡയ്ക്ക് പോകുകയാണ്, തിരികെ വരുമ്പോൾ നിനക്കെന്താ കാനഡയിൽ നിന്ന് കൊണ്ടുവരേണ്ടത്? പറഞ്ഞോ”

ഒന്നും വേണ്ടായെന്നു തലയാട്ടിചിരിച്ച എന്നോട് നാസ്സർ തുടർന്നു.

“ഇല്ല ഞാൻ കൊണ്ട് വരും കാനഡയിൽ ലാവ്‌ലിൻ ഹെഡ് കോട്ടേഴ്സിന്റെ മുറ്റത്ത് നിൽക്കുന്ന ആപ്പിൾ മരത്തിൽ നിന്നു ഒരു പച്ച ആപ്പിൾ പറിച്ചു കൊണ്ട് വരും, നിനാക്കായി... തെളിവിനു, കൂട്ടത്തിൽ ഞാനും നിന്റെ മന്ത്രിയും സംഘാംഗങ്ങളും കാനഡയിൽ ചുറ്റിയടിക്കുന്ന കുറെ വർണ്ണചിത്രങ്ങളും“.

സ്വതവേ വീമ്പടിക്കാരനായ നാസ്സർ സർക്കാർ മാറ്റത്താൽ വന്ന വീഴ്ച്ചകൾ മറയ്ക്കാൻ എന്റെ മുമ്പിലൊരു നാടകം അരങ്ങേറ്റുന്നതാണെന്നു ഞാൻ ഉറച്ചു. ഇതിനിടയിൽ ഞങ്ങൾ രണ്ടുപേർക്കും പരിചയക്കാരായ ധാരാളം ആളുകൾ ഹായ് പറഞ്ഞു കടന്നു പോയ്കൊണ്ടിരുന്നു. അക്കൂട്ടത്തിൽ കഷണ്ടി കയറിതുടങ്ങിയ നീണ്ട നെറ്റിത്തടമുള്ള ഒരാൾ നാസ്സറിന്റെ അടുത്തു വന്ന് സ്നേഹത്തിൽ " സാർ എന്ത് ഇവിടെ നിൽക്കുന്നു”വെന്നു കുശലം തിരക്കി." തന്നെ ഏൽ‌പ്പിച്ച പണികൾ ചെയ്ത് തീർത്തിട്ടുണ്ടെന്നും അക്കാര്യം സാറിനോട് പറയണം” എന്നും നാസ്സറിനോട് പറഞ്ഞു. “ലൈറ്റ് ഹൌസ്സിൽ ഒരു കാസറ്റ് വാങ്ങാൻ കയറിയതാണെന്നും ചില അത്യാവശ്യകാ‍ര്യങ്ങൾ സംസാരിക്കാനുണ്ട് അതെല്ലാം ഫോണിൽ പറയാമെന്നും പറഞ്ഞ് സ്ഥലം വിട്ടു.”  അയാൾ നടന്നു നീങ്ങിയപ്പോൾ നാസ്സർ എന്നോട് ചോദിച്ചു

“ഇപ്പോയ ആളെ നിനക്കറിയാമോ?”

നല്ല പരിചയം തോന്നുന്നു പക്ഷേ തിരിച്ചറിയാൻ കഴിയുന്നില്ല.

“ഇദ്ദേഹമാണു വൈദ്യുതവകുപ്പ സെക്രട്ടറി.”

സാറിനോട് പറയണമെന്നു പറഞ്ഞത് നിന്റെ മന്ത്രിയോട് പറയാനുള്ളതാണെന്നും നാസർ പറഞ്ഞു. വൈദ്യുതവകുപ്പു മന്ത്രിയും എന്റെ പാർട്ടിയുടെ നേതാവുമായ പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് താനെന്നു വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു നാസ്സർ.

നട്ടാൽ കുരുക്കാത്ത നുണകൾ എസ്സ് എഫ് ഐ ക്കാരെ കുറിച്ചു ടി കെ എം കാമ്പസിൽ പ്രസംഗിച്ചു നടന്ന കെ എസ്സ് യുക്കാരന്റെ വർത്തമാനങ്ങൾ മുഖവിലക്കെടുക്കാൻ തക്കവണ്ണം എന്റെ പ്രജ്ഞയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലായെന്നു ഞാൻ സ്വയം ധരിച്ചു. നേരം വൈകിയിരിക്കുന്നു. തിടുക്കത്തിൽ നാസ്സറിനോട് ബൈ പറഞ്ഞു ചെളിവെള്ളത്തിൽ ചവിട്ടാതെ സൂക്ഷിച്ചു നടന്നു തമ്പാന്നൂരെത്തി, ഒരു ഫാസ്റ്റ് പാസ്സഞ്ചർ ബസ്സിൽ കയറി വീട്ടിലെത്തുമ്പോഴേയ്ക്കും സമയം 9 കഴിഞ്ഞിരുന്നു. കുളിയും അത്താഴവും കഴിഞ്ഞു കിടക്കയിലെത്തിയിട്ടും നാസ്സർ പറഞ്ഞ കാര്യങ്ങളും ആ സന്ധ്യയും സിനിമാ ദൃശ്യങ്ങളെയും കടന്നു മുഴച്ചു നിൽക്കുന്നു. ഉറക്കം പ്രഭാത നക്ഷത്രത്തോട് ചേർന്നാണു അന്ന് ആ വഴിക്കു വന്നത്.

ഓഹരികളുടെ ഋണ ധന ഗണിതം
അടിയന്തിരമായി ചെയ്ത് തീർക്കാനുള്ള ആഫീസുജോലികൾ ഒന്നും തന്നെയില്ല, നാലുമണിയായിക്കാണില്ല അതാണു ചായ എത്താത്തത്. മേശയുടെ താഴത്തെ അറയിൽ ചില പേപ്പറുകൾ പരതുമ്പോൾ ഹാഫ് ഡോർ തുറക്കുന്ന ശബ്ദം കേട്ടു. തല പൊന്തിച്ചു നോക്കുമ്പോൾ യൂണിയൻ നേതാക്കളാണ്. ആറേഴു പേരുണ്ട്. നമസ്കാരം സഖാവേ എന്ന് പറഞ്ഞ് മുന്നിൽ വരുന്നത് യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം രാജേന്ദ്രൻ സഖാവാണ്. കഴിഞ്ഞ ജാഥയ്ക്ക് പങ്കെടുക്കാത്തതിലെ താക്കീതും യൂണിയനാഫീസിൽ കയറിയിട്ട് നാളേറെയായതിലെ പരിഭവവുമായി സെക്രട്ടറി രമാകാന്തൻ മുന്നിലെ കസേരയിലേയ്ക്ക് ഇരുന്നു. എല്ലാപേർക്കും ഇരിക്കാനുള്ള സൌകര്യമില്ലാത്തതു കൊണ്ട് നമുക്ക് കാന്റീനിലേയ്ക്ക് പോകാമെന്നു പറഞ്ഞു ഞാനെണീറ്റു. ഞങ്ങൾ കാന്റീനിലെ ഒരു മൂലയിലേക്ക് മാറിയിരുന്നു ചായക്ക് ഓഡർ ചെയ്തു. റബ്ബർ പാല് ഒഴിച്ച് വയ്ക്കാനുപയോഗിക്കുന്ന തരത്തിലുള്ള അലൂമിനിയം കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തിൽ പഴം പൊരി, ഗോതമ്പുണ്ട, പരിപ്പുവട എന്നീ പലഹാരങ്ങൾ നിറച്ച് സപ്ലയർ മുന്നിൽ കൊണ്ട് വച്ചു. ചായയും വടയും കഴിക്കുന്നതിന്റെ ഇടയിൽ സംഘടനാകാര്യങ്ങളും രാഷ്ടീയ വിശേഷങ്ങളും ഞങ്ങൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് അനുദിനം പിന്നിലേക്ക് വലിയുന്നതായി എന്നെ സുരേഷ് കളിയാക്കി ഞങ്ങളെല്ലാപേരും ചിരിച്ചു. റബ്ബർ മരത്തിലെ ഉണങ്ങാത്ത ചില്ലകൾ ഉണങ്ങിയ ചില്ലകളിൽ ഉരയുന്നതിന്റെ ശബ്ദമാണു ഞങ്ങളുടെ സംഭാഷണങ്ങളിൽ നിന്നു പുറത്തേയ്ക്ക് വരുന്നതെന്ന് എനിക്കു തോന്നി.

" ഇന്നെന്താണു പ്രത്യേകമായി എന്നെക്കാണാൻ ഇറങ്ങിയത്? അതോ പതിവ് സൌഹൃദ സന്ദർശനമോ?" ഞാൻ തിരക്കി.

"പത്രങ്ങളും വാർത്തകളുമൊക്കെ സഖാവ് വായിക്കുന്നുണ്ടല്ലോ നമ്മൾ ചാനൽ തുടങ്ങാൻ പോകുന്നതും അതിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്നതും ഒക്കെ അറിഞ്ഞിട്ടുണ്ടാവുമല്ലോ? "

സ: രജേന്ദ്രനാണു സംസാരിക്കുന്നത്.

“അറിഞ്ഞു, അത് വലിയ സംരഭമാണല്ലോ, ധാരാളം പണം ആവശ്യമായിരിക്കും അല്ലേ? ഏതായാലും വാർത്താരംഗത്ത് നമുക്ക് ഒരു നാവുകൂടി ഉണ്ടാവുന്നത് നല്ലതുതന്നെ. മുത്തശ്ശി വാർത്തകളെ കൊണ്ട് പൊറുതിമുട്ടി. അതുമല്ല സീരിയലുകളും നുണയും മാത്രമേയുള്ളൂ മലയാളിക്കു സാസ്കാരിക സമ്പാദ്യമായിട്ടെന്നു തോന്നും ടി വി കണ്ടാല്‍.” ഞാനുണർന്നു.

“ഞങ്ങളിങ്ങോട്ട് വരുമ്പോൾ സംസാരിക്കുകയായിരുന്നു ഇതിന്റെ ആവശ്യമൊന്നും സഖാവിനെപ്പോലെയുള്ളവരുടെ അടുത്ത് വിശദീകരിക്കേണ്ടി വരില്ലായെന്ന്”
വാസവനാണതു പറഞ്ഞത്.

“അപ്പോൾ ഞങ്ങൾ വന്ന കാര്യം പറയാം., സഖാവ് ഈ ചാനലിൽ കഴിയുന്നത്ര ഷെയറുകളെടുക്കണം.” രാജേന്ദ്രൻ തുടർന്നു. “ഏതെങ്കിലുമൊരു സമ്പാദ്യം ഇതിലേക്കു മാറ്റണം നാളെ കുട്ടികൾക്കത് ഉപകരിക്കും നമ്മുടെയൊരു ടെലിവിഷൻ ചാനലും യാഥാർത്ഥ്യമാവും.”

"സമ്പാദ്യമോ ?" ഞാൻ ചിരിച്ചു

" എന്റെ അവസ്ഥ നിങ്ങൾക്കറിയാവുന്നതല്ലേ.രാഷ്ട്രീയ പ്രവർത്തനം കൊണ്ട് അച് ഛൻ എനിക്കായി സമ്പാദിച്ചു തന്ന കടങ്ങളുടെ ഓഹരി തന്നെ അടച്ചു തീർക്കാൻ ഇനി രണ്ടു തലമുറകൾ കൂടി ഞാൻ ഇങ്ങനെ ജോലി ചെയ്യണം. ആ എനിക്ക് എവിടെയാ സമ്പാദ്യം "

"സഖാവിനു കഴിയുന്നതു പറയൂ" വാസവനിടപ്പെട്ടു.

"ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകക്ക് ഷെയറെടുത്താൽ മതി കൂടുതൽ കടുപ്പിക്കുന്നില്ല."

"രാജേന്ദ്രൻ സഖാവേ... ഷെയറെനിക്കു വേണ്ട രൂപ അഞ്ഞൂറോ ആയിരമോ ഞാൻ സംഭാവനയായി തരാം അല്ലാതെ ഓഹരി, കമ്പനി, പിന്നെ അതിന്റെ ഉയർച്ച താഴ്ചകൾ ഇതിലൊന്നും എനിക്ക് താല്പര്യമില്ല. ഉടമസ്ഥനാകാനല്ല എന്റെ വിധി തൊഴിലാളിയായിരിക്കാനാണ്. അത് അങ്ങനെ തന്നെ അവസാനിപ്പിക്കാൻ നിങ്ങളെന്നെ സഹായിക്കണം”.

സഖാക്കളുടെ മുഖം കറുത്തു

"നിങ്ങളെ പോലെയുള്ളവരൊക്കെ ഇങ്ങനെ പറഞ്ഞാൽ പ്രസ്ഥാനത്തിന്റെ ശത്രുക്കളെന്താവും പറയുക”. രമാകാന്തനു ദേഷ്യം വന്നു.

"സംഭാവനയായി തരുന്ന തുക മതി. അതിനു ഷെയർ രസീത് ഞങ്ങൾ തരും ഒന്നാം തീയ്യതി കഴിഞ്ഞു വരുമ്പോൾ കാശ് മാറ്റി വെച്ചിരിക്കണം" ഇത്രയും പറഞ്ഞ് അവർ എഴുന്നേറ്റു.

ഓഹരിയിൽ താല്പര്യമില്ലാത്ത കാര്യം കാന്റീനിൽ നിന്നും പുറത്തു കടക്കുമ്പോൾ വീണ്ടും ഞാനവരെ ഓർമ്മിപ്പിച്ചു. ഒന്നാം തീയ്യതി കഴിഞ്ഞ് കാശു വാങ്ങാൻ ആരും വന്നില്ല. എന്റെ അസ്വസ്ഥത അവർക്കു മനസ്സിലായി കാണുമെന്നു കരുതി.

പത്രങ്ങളിലെല്ലാം മലയാളം ചാനൽ വരാൻ പോകുന്നതിന്റെ വാർത്തകൾ വരുന്നുണ്ട് .(പിന്നീടാണത് കൈരളിയായത്) നാട്ടിലെ പാർടി നേതാക്കന്മാരെല്ലാം ചാനലിനു ഓഹരിക്കാരെ ചേർക്കുകയാണ്. ചാനൽ ജനങ്ങളുടെ സ്വത്തായിരിക്കാൻ വേണ്ടി ഓഹരികൾ പൊതു ജനങ്ങൾക്ക് വിൽക്കുകയാണെന്നു അവർ വിശദീകരിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൂടുതൽ ഫണ്ട് എത്തുകയും കക്കൂസ്സ് പണിയുന്നതിനും വീട് വെക്കുന്നതിനും കിണർ കുത്തുന്നതിനുമൊക്കെയായി ധാരാളം പദ്ധതികൾ നടപ്പിലാവുകയും ചെയ്യുന്ന കാലമായിരുന്നു അത്. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ശുപാർശ ചെയ്യുന്നതിനുമൊക്കെയായി പഞ്ചായത്ത് മെമ്പർമാരും കൌൺസിലർമാരും തിരക്കുള്ള പൊതു പ്രവർത്തകരായി അധികാരം കൈയ്യാളി തുടങ്ങി. ഈ വക ആയിരമോ രണ്ടായിരമോ രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നവരിൽ നിന്നു പോലും 100 രൂപയെങ്കിലും ഷെയർ വാങ്ങുന്നതിനു മെമ്പർമാരും ലോക്കൽ പാർട്ടി നേതാക്കന്മാരും പ്രത്യേകം ശ്രദ്ധിച്ചു.ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ ഈ സംരഭത്തിൽ പങ്കാളികളായി മിക്കപ്പോഴും നിർബന്ധപൂർവ്വം നടക്കുന്ന ഈ പിരിവ് അതിരു കടക്കുന്നതായി തോന്നിയെങ്കിലും ജനകീയമായ ഒരു സംരംഭം സമൂഹത്തിന്റെ സ്വത്തായി തീരുന്നതാണല്ലോ എന്ന ചിന്ത അസ്വസ്ഥതകളെയണച്ചു.

ഒരു ദിവസം ഞായറാഴച രാവിലെ പത്രം വായിച്ചു കൊണ്ട് ഞാൻ വീടീന്റെ കോലായിലിരിക്കുകയാണ്. എന്റെ മുന്നിലേക്ക് ഒരു പേപ്പർ നീട്ടികൊണ്ട് അച്ഛൻ, പറഞ്ഞു.

“മക്കളെ നോക്ക് ഇതു കൈരളി ചാനലിലെ എന്റെ ഷെയറിന്റെ സർട്ടിഫിക്കറ്റാണ്...”

ഞാൻ പേപ്പർ വാങ്ങി നോക്കി 100 രൂപയുടെ ഒരു ഷെയർ സർട്ടിഫിക്കറ്റ് അച്ഛന്റെ പേരിൽ പ്രിന്റ് ചെയ്തിരിക്കുന്നു. അനിയത്തിയെയാണ് അവകാശിയാക്കി വെച്ചതെന്നു അച്ഛൻ പറഞ്ഞു.വരാൻ പോകുന്ന തങ്കസൂര്യോദയത്തെ കൂടുതൽ മനോഹരമാക്കുന്ന ഒരു സംരഭത്തിൽ മരിക്കുന്നതിനു മുമ്പ് പങ്കാളിയാവാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടായിരുന്നു ആ പഴയ സഖാവിന്റെ കണ്ണിൽ.
വർത്തമാനങ്ങൾ മുഴുമിപ്പിക്കാൻ സമ്മതിക്കതെ ചുമ അച്ഛനെ പിടിച്ച് കസേരയിലേക്കിരുത്തി.

അങ്ങനെ ചാനൽ യാഥാർത്ഥ്യമാവുകയാണ് ജനങ്ങളിൽ നിന്നും ശേഖരിച്ച ഷെയറുകൾ കൊണ്ട് ചാനൽ തുറക്കാനാകില്ല. പണമെന്തു ചെയ്യണമെന്നറിയാതെ കുന്നുക്കൂട്ടി കാത്തിരിക്കുന്ന സുമനസ്സുകളായ ധനികരുടെ സഹായം ഇതിനായി കൈയയച്ചുണ്ടായിരുന്നു വെന്ന് മേഖലാ സമ്മേളനങ്ങളിൽ റിപ്പോർട്ടുകൾ വന്നു. താര രാജാക്കന്മാരും മദ്യവ്യവസായികളും ധനികാരായ എൻ.ആർ.ഐ കളും ഓഹരികൾ വാങ്ങി കൂട്ടി.മമ്മൂട്ടിയും മോഹൻലാലും കമ്മ്യൂണിസ്റ്റായല്ലോയെന്നു പാവം പ്രവർത്തകർ ഊറ്റം കൊണ്ടു. ബ്രിട്ടാസ് വന്നു, ബെറ്റി വന്നു, സിദ്ധാർത്ഥ മേനോൻ വന്നു.  സുകുമാരകലകളിൽ പ്രവീണരായവർ വന്നു കൈരളി ചാനൽ വേറിട്ട ദൃശ്യാനുഭവങ്ങൽ നൽകുമെന്ന വാഗ്‌ദാനവും തന്നു. ദേശാഭിമാനിയും കൈരളിയും ചേർന്ന് മുത്തശ്ശി വാർത്തകളെ ചെറുത്തു നിർത്തി.

പാതിവെന്ത ശവങ്ങൾ
ടെലിവിഷൻ ചാനലിനും മഹാസമ്മേളനങ്ങൾക്കും സ്പോൺസർമാരായ ധനികർ പാർട്ടി ആഫീസുകളെ അവരുടെ കാര്യസാധ്യപ്പുരകളാക്കി വളർത്തി. ഡി വൈ എഫ് ഐ യുടെ ഊർജ്ജകണങ്ങൾ മാർവാടികളുടെ സി സി പിരിവുകാരോ പുതുതലമുറ ബാങ്കുകളുടെ ലോൺ ഏജന്റുമാരോ ആയി സ്ഥാനക്കയറ്റം വാങ്ങി. സാമൂഹ്യ സേവനത്തിന്റെ സഹനമേരുക്കളായ പൂർണ്ണ സമയ പ്രവർത്തകരും ജനപ്രതിനിധികളും നാട്ടിലെ കണ്ണായ സ്ഥലങ്ങളെ വകഞ്ഞുവച്ച് ഭൂമാഫിയകൾക്ക് കൈമാറി, ഘർഷണരഹിത കൈമാറ്റ വ്യവസ്ഥയിലൂടെ വികസനം വിളിച്ചു വരുത്തി. മാറ്റം എനിക്കോ അതോ ചുറ്റുപാടിനോയെന്ന് ഞാൻ പലതവണയളന്നു നോക്കി. പാർട്ടിയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം അർപ്പിച്ച് ജനപക്ഷത്ത് നിന്ന ആത്മബന്ധമുള്ള സുഹൃത്തുകൾ ശ്മശാനത്തിൽ ഉപേക്ഷിക്കപ്പെട്ട പാതിവെന്ത ശവങ്ങളെപ്പോലെ കാണായി. തിരക്കുള്ള പകലുകളിൽ രാഷ്ടീയ പ്രൊഫഷണലുകളുടെ അവതരണവും സന്മാർഗ്ഗ ബോധനവും ഒരു അനുഷ്ഠാന കലയുടെ ശീല മികവുകൾ പുലർത്തി. സ്നേഹിതർക്കായി ഏറ്റെടുത്ത ബാധ്യതകൾ കനക്കുന്ന കടങ്ങളായി എന്റെ കഴുത്തിൽ തൂങ്ങി. ജീവിതം മടുപ്പിന്റെ മുങ്ങാങ്കുഴിയിൽ തപ്പിതടഞ്ഞു. ഒരു സ്നേഹിതന്റെ നിർബന്ധത്തിലും അലിവിലും സർക്കാർ ജോലിക്ക് അഞ്ചു വർഷം അവധി കൊടുത്ത് ഞാൻ ദുബൈയിലേയ്ക്ക് യാത്രയായി.

ഉഷ്ണം ശമിച്ചു തുടങ്ങിയ ഒരു പകലറുതിയിലാണു ഞാൻ ദുബൈയിൽ വിമാനമിറങ്ങുന്നത്. കടലിൽ മുളച്ചു വന്ന കൂറ്റൻ കുമിളുകൾപോലെ നഗരങ്ങൾ പൊന്തി നിൽക്കുന്നു. ഞാനേറ്റം സ്നേഹിച്ച ഭാഷയും മണ്ണും താത്കാലികമായി ഉപേക്ഷിച്ച് സാമ്പത്തിക അഭയാർത്ഥിയായി ഗൾഫിലെത്തിയപ്പോൾ മറ്റൊരു ഭാഷയും സംസ്കാരവുമല്ല എന്നെ കാത്തിരുന്നത്, എന്റെ തന്നെ ഭാഷയുടെയും മനുഷ്യരുടെയും മറ്റൊരു മുഖമായിരുന്നു.. വെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച് ലളിത ജീവിത പരിസരങ്ങളിൽ ആദർശം വിളമ്പിയിരുന്നവർ വർഷത്തിൽ രണ്ടോ മൂന്നോ തവണ തിമിർത്താടാൻ വരുന്ന ദുബൈ എന്റെ നെഞ്ചിടിപ്പുയർത്തി.അവിടെ വച്ച് ഹസ്സന്റെയും വയലാർ രവിയുടെയും പ്രവാസി സ്നേഹവും പിണറായിയുടെയും ജയരാജന്റെയും തൊഴിലാളി സ്നേഹവും നിറനിലാവായി ഒഴുകിപ്പരക്കുന്നത് കണ്ണാലെ കണ്ടു. നാസ്സർ പറഞ്ഞിട്ടും അവിശ്വസനീയമായിരുന്ന ലാവ്‌ലിനും പിന്നാമ്പുറ സംഭവങ്ങളും നിയോൺ വെളിച്ചത്തിൽ വിവൃതമായി. അപ്പോഴും നെഞ്ചിൽ പ്രസ്ഥാനത്തെ കുറിച്ചൊരു കിനാവുണ്ടായിരുന്നു.

"താഴ്വരയിലെ പച്ചയ്ക്കിടയിൽ
ഇലയുണങ്ങി നിൽകും മരമേ,
പൂത്തതാണെന്നു കരുതി
ദൂരെ നിന്നൊരാൾ
നിന്നെ മനസ്സിൽ പകർത്തി
കൊണ്ട്പോയിട്ടുണ്ട്.
മരിക്കും വരെ
അയാളിലുണ്ടാകും
പൂത്തപടിതന്നെ നീ......"

Friday, July 17, 2009

കുറ്റപ്പുഴ (Crime River) ഒഴുകി പെരിയാറായ കഥ (ഒന്നാം ഭാഗം)

ജുണ്‍ 26. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വന്ന ഏറ്റവും കരാളമായ ഏകാ‍ധിപത്യ ആക്രമണം നടന്നിട്ട് ഇന്നേക്ക് 34 വയസ്സു തികയുന്നു. 1975 ജൂണ്‍ 26 നാണ് ഇന്ദിരാഗാന്ധി ആ കറുത്ത കാലത്തിനു തുടക്കം കുറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്നു നാം ആഘോഷിക്കുന്ന മഹാ
വിപ്ലവകാരികള്‍ മിക്കവരും അനുസരണയുള്ള ആട്ടിന്‍ കുട്ടികളെ പോലെ കുടുംബനാഥന്മാരായി കഴിഞ്ഞ കാലമായിരുന്നു അത്. പക്ഷെ ആ കാലത്തിന്റെ നിശബ്‌ദതയില്‍ അടവെച്ചു വിരിയിച്ച തിളക്കമാര്‍ന്ന വിദ്യാര്‍ത്ഥി നേതാക്കന്മാരുടെ ഒരു നീണ്ട നിരയുണ്ടായി.അടിയന്തരാവസ്ഥയിലെ ക്രൂര
മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കു മാത്രമായിരുന്നു. അങ്ങനെ ഉപദ്രവിക്കാനായി പോലീസ്സ് തിരഞ്ഞെടുത്തവരില്‍ പിൽകാലത്ത് രാഷ്ട്രീയ നേതൃത്വത്തില്‍ ഏറ്റവും മുകളിലെത്തിയ ചെറുപ്പക്കാരന്‍ ശ്രീ പിണറായി വിജയനാണ്. അക്കാലത്ത് വിജയനെ പോലെയോ അതിലും ക്രൂരമായോ പോലീസ്സ് മര്‍ദ്ദനങ്ങളേറ്റു വാങ്ങിയവര്‍ പലരും ഇന്ന് രാഷ്ട്രീയ ചിത്രത്തിലില്ല .ഇടതു യുവജനവിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും ആര്‍.എസ്സ്.എസ്സ് പോലുള്ള ചുരുക്കം ചില സംഘങ്ങളില്‍ പെട്ടവര്‍ക്കും ഇക്കാലയളവില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ വിവരണാതീതമാണ്. അന്ന് ബാല്യകാലം നീന്തുകയായിരുന്ന ഞങ്ങള്‍ മഹാസഹനത്തിന്റെ പര്‍വ്വതങ്ങളെ നോക്കി കാണുന്ന സ്നേഹാദരങ്ങളോടെയാണ് ഇന്നും ആ നേതാക്കന്മാരെ കാണുന്നത്.

സമയം അന്ന്

സമയം അന്ന് , ഇത്ര വേഗത്തില്‍ ചലിച്ചിരുന്നില്ല. ഞങ്ങളുടെ അയല്‍‌പക്കങ്ങളില്‍ ഇന്നത്തെ പോലെ അപരിചിതര്‍ വന്നു താമസിച്ചിരുന്നില്ല . ബുള്‍ഡോസര്‍ വന്ന് ഞങ്ങളുടെ പാരു മണ്ണ് ഇളക്കിമറിച്ചു തുടങ്ങിയിരുന്നില്ല.സ്വാശ്രയ ക്യാപ്പിറ്റേഷന്‍ ഫീയില്‍ ഞങ്ങളുടെ നാട്ടിലെ കൌമാരം
കെട്ടിയിട്ട വളര്‍ത്തുനായയുടെ രൂപം പ്രാപിച്ചുരുന്നില്ല. കാളിദാസന്‍ പറഞ്ഞതു പോലെ “ഭ്രൂവിലാസനഭിഞ്ഞക്കളായ“ പെണ്‍ക്കുട്ടികള്‍ ദാവണി ചുറ്റി പള്ളിയില്‍ നിന്നോ അമ്പലത്തില്‍ നിന്നോ മഞ്ഞവെയിലില്‍ മടങ്ങി വരുന്നത് നിത്യ കാഴ്ചകളായിരുന്നു. ഈ ദിനങ്ങളില്‍ പ്രഭാത ഭേരികള്‍ “ മെയ് ദിനവും“ “ഭഗത്‌സിങ്ങ് ദിനവും“ “രക്തസാക്ഷികള്‍ അമരന്‍“മാരെന്നു ഓര്‍മ്മപ്പെടുത്തിയിരുന്നു.അങ്ങനെയൊരു കാലത്തിന്റെ ഗൃഹാതുരത പറ്റി നില്‍ക്കുന്ന ഒരു ക്യാമ്പസ്സ് അങ്കണത്തിലേക്ക് കഥാപ്രസംഗക്കാരന്‍ ചെയ്യുന്നതു പോലെ ക്ലീഷേയായ ഒരു പ്രയോഗത്തിലൂടെ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.

കേരളത്തിന്റെ പുരാതന വ്യാപാര തലസ്ഥാനമേത് എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ അതു കൊല്ലമാണ് ,അതുകൊണ്ടാണ് കൊല്ലം കണ്ടവനു ഇല്ലം വേണ്ടായെന്നു ഞങ്ങള്‍ പണ്ടേ പാടി നടന്നിരുന്നത്. വിദേശാധിനിവേശത്തിന്റെ പ്രാചീന മുദ്രകള്‍ ഇന്നും മാഞ്ഞു പോയിട്ടില്ലാത്ത ഈ
തീരദേശ ജില്ല കേരള ചരിത്രത്തിനു നല്‍കിയ സംഭാവനകള്‍ വൈവിധ്യം നിറഞ്ഞതാണ്. കശുവണ്ടിയുടെയും കയറിന്റെയും കഥകളെ കൂടാതെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സമരഗാഥകളും കൊല്ലം കേരളത്തിനു വേണ്ടുവോളം നല്‍കിയിട്ടുണ്ട്.കായലും കടലും പ്രണയബദ്ധരായി നില്‍ക്കുന്ന
ഈ നഗരഹൃദയത്തിലാണ് “ ടി.കെ.എം. എഞ്ചിനീയറിങ്ങ് കോളെജ് “ ഒരു മുഗൾ പ്രൌഡിയുടെ ഉടുത്ത് കെട്ടോടെ നില്‍ക്കുന്നത്. ഈ കോളെജ് ഒരു സ്വകാര്യ സംഭരമാണെങ്കില്‍ കൂടി തലവരി പണം വാങ്ങുന്ന സ്വാശ്രയ അറവുശാല രൂപത്തിലുള്ളതായിരുന്നില്ല. മെറിറ്റ് അന്നും ഇന്നും
അവിടെ ഒരു പ്രധാനമായ അളവുകോലായിരുന്നു. അടിയന്തരാവസ്ഥയും തുടര്‍ വര്‍ഷങ്ങളും കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തീപിടുത്തമുണ്ടാക്കുമ്പോള്‍ ടി.കെ.എം അതിന്റെ മുന്നില്‍ നടന്നിരുന്നു. അടിയന്തരാവസ്ഥയില്‍ ലോക്കപ്പ് മരണമടഞ്ഞ രാജന്‍ ഒരു എഞ്ചിനീയറിങ്ങ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്നു എന്നോര്‍മ്മിക്കുക ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസമാണ്. അന്നത്തെ പ്രൊഫഷണല്‍ കോളെജുകള്‍ ഇന്നത്തെ പോലെ അരാഷ്ട്രീയത പെറ്റുപെരുക്കുന്ന ഈറ്റുപുരകളായിരുന്നില്ല.1976 മുതല്‍ 1981 വരെ ടി.കെ.എം.ലെ ഒരു ബാച്ചിനെ ഇന്നു മുകളില്‍
നിന്നു വീക്ഷിക്കുന്നത്, കേരളത്തിന്റെ വിദ്യാഭാസ-രാഷ്ട്രീയ വ്യതിയാനത്തെ പറ്റി അന്വേഷിക്കുന്ന ഏതു സാമൂഹ്യ ശാസ്ത്രജ്ഞനും കൌതുകമുണര്‍ത്തുന്നതൊന്നാണ്.

1976 ല്‍ ആരംഭിക്കുന്ന ഒരു ബാച്ചില്‍ ഊട്ടി പബ്ലിക്ക്സ്‌ക്കൂളിലേതു പോലുള്ള ഒരു പബ്ലിക്ക് സ്ക്കുള്‍ ജീവിതത്തിന്റെ പൊലിപ്പമുള്ള ഒരു ഭാണ്ഡവുമായി “ദിലീപ് രാഹുലന്‍ “ എന്ന ധനിക വിദ്യാര്‍ത്ഥി ഓക്സ്ഫോഡ് ഇംഗ്ലീഷ് ഉച്ചാരണ വടിവോടെ ടി.കെ.എം കോളെജില്‍ പഠിക്കാന്‍ വന്നു. കേരളത്തിന്റെ
രാഷ്ട്രീയ രംഗത്തും ഉദ്ദോഗസ്ഥരംഗത്തും പിന്നീട് പ്രഗത്ഭരായി തീര്‍ന്ന ഒരു വലിയ സഹപാഠി സംഘത്തോടോപ്പം ദിലീപ് കിരീടം വെക്കാത്ത രാജാവിനെ പോലെ എഞ്ചിനീയറിങ്ങ് വിദ്യാഭാസം പൂര്‍ത്തിയാക്കുകയായിരുന്നു. വിദ്യാഭാസത്തെ തുടര്‍ന്ന് ഡ‌ല്‍ഹിയിലേക്ക് പോയ ഈ ബഹായി
മതക്കാരന്‍ അവിടെ വെച്ച് ഒരു ഇറാനി പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കുകയും, താന്‍സാനിയയിലേക്ക് പോവുകയും ചെയ്തു. താന്‍സാനിയയിലേക്കുള്ള ഇയാളുടെ യാത്രക്കും, ഇഴയടുപ്പമുള്ള ഒരു ക്ലാസ്സ് മേറ്റ് കഥ പറയാ‍നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള
ധാരാളം കുട്ടികള്‍ നമ്മുടെ എഞ്ചിനീയറിങ്ങ് മെഡിക്കല്‍ കോളെജുകളില്‍ പഠിക്കാനെത്തിയിരുന്നു. അക്കൂട്ടത്തില്‍ ടി.കെ.എം കോളെജില്‍ എത്തിയ താന്‍സാനിയക്കാരുമായുള്ള സൌഹൃദം വികസിച്ചാണ് വിദ്യാഭാസത്തിനു ശേഷം തൊഴിലും ബിസിനസ്സും തേടി ദിലീപ് അടക്കമുള്ള പലരെയും താന്‍സാനിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്തിച്ചത്. താന്‍സാനിയയില്‍ വലിയൊരു ബിസിനസ്സ് സാമ്രാജ്യം തന്നെ ദിലീപ് പടുത്തുയര്‍ത്തി. ദിലീപിന്റെ ബാച്ചിലെ വളരെ മിടുക്കനായ ഒരാള്‍ ഡല്‍ഹിയില്‍ ജോലി തേടി വന്ന് അവിടെ സ്ഥിര താമസക്കാരനായി
കഴിയുന്നുണ്ടായിരുന്നു.ഡല്‍ഹിയിലെ എഞ്ചീനീയര്‍ മാരുടെ കൂട്ടത്തിലും ബിസിനസ്സുകാരുടെ കൂട്ടത്തിലും അവഗണിക്കാനാവാത്ത ഒരു തലച്ചോറാണ് അയാളുടെത്. പിന്നീട് പൂര്‍ണ്ണമായും ബിസിനസ്സ് രംഗത്ത് ചുവടുറപ്പിച്ച ഇദ്ദേഹമാണ് ഊര്‍ജ്ജോത്പാദന മേഖലയില്‍ ലോകരാജ്യങ്ങള്‍
നിക്ഷേപിക്കാന്‍ പോകു്ന്ന ഭീമന്‍ തുകകളെ കുറിച്ചും അതിന്റെ വിനിമയ ശൃംഗലകളില്‍ കണ്ടെത്താവുന്ന പുതിയ ബിസിനസ്സ് മേഖലകളെ കുറിച്ചും ദിലീപ് രാഹുലനെ ബോധവാനാക്കുന്നത്. അത്തരത്തില്‍ തുറന്നുകിട്ടിയ മേഖലകളിലേക്ക് ഉപദേഷ്ടാവിനെ പോലും അമ്പരപ്പിച്ചുകൊണ്ട് ദിലീപ് പടര്‍ന്നു കയറുന്നതാണ് പിന്നീട് കണ്ടത് .ഡല്‍ഹിയിലെ ഈ മലയാളി സ്നേഹിതനാണ് പിന്നീട് “കൈരളി ചാനലിന്റെ“ ആസൂത്രണ ആലോചന സംഘങ്ങളില്‍ ബൌദ്ധിക വെളിച്ചം വിതറിയിരുന്നത് എന്നത് ചരിത്രത്തിന്റെ മറ്റൊരു പ്രധാന യാദൃശ്ചികതയാണ്.

ഊര്‍ജ്ജ മാഫിയയും നവമുതലാളിത്വവും

കഴിഞ്ഞ നൂറ്റാണ്ടില്‍ രാജ്യങ്ങള്‍ യുദ്ധങ്ങള്‍ക്കായി ചിലവിട്ട തുകയുടെ ഭീമാകാരമായ പങ്ക് തങ്ങളുടെ കീശയിലാക്കാനായി എന്നതാണ് അമേരിക്ക പോലുള്ള സാമ്പത്തിക അധീശ രാജ്യങ്ങളുടെ ചടുലമായ വളര്‍ച്ചക്ക് വഴിവെച്ച പ്രധാനകാരണങ്ങളിലെന്ന്. ഇരുപതാം നൂറ്റാണ്ട് യുദ്ധത്തിനായി
ചിലവഴിച്ച തുകയോട് അടുത്തു വരുന്ന സംഖ്യ ഈ നൂറ്റാണ്ടില്‍ രാജ്യങ്ങള്‍ ഊര്‍ജ്ജോത്പാദന പദ്ധതികള്‍ക്കായി ചിലവിടും എന്ന തിരിച്ചറിവാണ് ലോകമുതലാളിമാരെ ഊര്‍ജ്ജ രംഗത്തേക്ക് കണ്ണൂവെപ്പിച്ചതും അതിന്റെ തുടര്‍നാടകങ്ങള്‍ സൃഷ്ടിച്ചതും. 80 കളിലും 90കളിലും എന്ററോണ്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യയില്‍ കടന്നു വന്ന് നമ്മുടെ പദ്ധതി പണം കൊള്ളയടിക്കുന്നതും അതിനായി പ്രകൃതിയെ തന്നെ ക്രൂരമായി വേട്ടയാടപ്പെടുന്നതും ഈ സൌകര്യങ്ങളൊരുക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും ഉദ്ദ്യോഗസ്ഥ പ്രമുഖന്മാരും ദല്ലാള്‍മാരായി തീരുന്നതും "Power Politics" എന്ന പുസ്തകത്തില്‍ അരുന്ധതി റോയ് സവിസ്തരം പ്രതിപ്പാദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക അധിനിവേശത്തിന്റെയും മൂലധന ചൂഷണത്തിന്റെയും എറ്റവും പുതിയ സംഭവവികാസമാണ് ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ വഴി നടപ്പിലാവുന്നത്. അത് കുറച്ച് ആണവ ഇന്ധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള ജാതകം മാത്രമാണെന്നു കരുതന്നവര്‍ അന്ധന്‍ ആനയെ കണ്ടതു പോലെ കാര്യങ്ങള്‍ ഗ്രഹിക്കുന്നവരാണ്. ആണവ നിലയങ്ങളുടെ സ്ഥാപനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വിനിയോഗിക്കാന്‍ പോകുന്ന അപരിമേയമായ തുക, അത് ചിലവിടേണ്ട പദ്ധതികളുടെ എല്ലാ ചാനലുകളിലും ഇടപ്പെട്ടുകൊണ്ട് തങ്ങളുടെ കീശയിലാക്കുകയെന്ന ആധുനിക സാമ്രാജ്യത്വ ധനതത്രമാണ് ഈ കരാര്‍ എളുപ്പമാക്കി തീര്‍ക്കുന്നത്. അതുകൊണ്ടാണ് റിലയന്‍സ്സും മറ്റ് മുതലാളിമാരും പാര്‍ലിമെന്റ് മെമ്പര്‍മാരെ വന്‍ വിലക്കു വാങ്ങി കൊണ്ട് പോലും മന്‍‌മോഹന്‍ സര്‍ക്കാരിനെ താങ്ങി നിര്‍ത്താന്‍ ഇറങ്ങി പുറപ്പെട്ടത്.

ഓരോ രാജ്യങ്ങളിലെയും ഗവര്‍മെന്റുകളെ വിലക്കെടുക്കാനും, അതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പേ ദല്ലാള്‍മാ‍രെ അയക്കാനും അവര്‍ക്കനുക്കുലമായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പോലും നിയന്ത്രിക്കാനും സാമ്രാജ്യത്വം പദ്ധതിയിടുന്നത് ഇതു കൊണ്ടാണ് . അതിനെല്ലാം പിറകില്‍ ആഗോള
സാമ്രാജ്യത്വത്തിന്റെ (Empire) ബിസിനസ്സ് താല്പര്യങ്ങള്‍ മാത്രമാണ്. സാമ്രാജ്യത്വ നീരാളി കൈകളെ ഇത്തരത്തില്‍ മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിലും നമ്മുടെ അഭിനവ മാര്‍ക്സിസ്റ്റുകള്‍ പോലും പരാജയപ്പെട്ടിരിക്കുന്നു.അവര്‍ മേല്‍കൈയുള്ള ഏതെങ്കിലും അധീശ രാഷ്ട്ര
ദേശീയതയായി ഇതിനെ ചുരുക്കി കാണുക മാത്രമാണ് ചെയ്യുന്നത്. ഏതു സമയത്തും ലോകത്തിന്റെ ഏതു കോണിലും കേന്ദ്രം ഷിഫ്റ്റ് ചെയ്യാവുന്ന ഒന്നാണ് എമ്പയര്‍ എന്നു പുതിയ ചിന്തകര്‍ വിളിക്കുന്ന നവസാമ്രാജ്യത്വം. അതിന് മുമ്പ് നിലവിലുണ്ടായിരുന്നതു പോലെ തിരശ്ചീനമായി,
സ്ഥലപരമായി മാത്രം വളരുന്ന സാമ്രാജ്യത്വവുമായി യാതൊരു ബന്ധവുമില്ല.മുതലാളിത്വത്തിന്റെ ഈ പുതിയ പ്രജന‌ന തന്ത്രങ്ങളോട് ചേര്‍ത്തു മാത്രമേ നടപ്പു കാലത്തിന്റെ ഊര്‍ജ്ജ രാഷ്ട്രീയത്തെ കാണുവാന്‍ കഴിയൂ. അതിനായി മുതലാളിത്വം കിട്ടാവുന്ന എല്ലാ സാഹചര്യങ്ങളെയും
ഉപയോഗപ്പെടുത്തുന്നുവെന്നു മാത്രമേയുള്ളൂ. സ്ഥലകാലങ്ങളുടെ സൌകര്യങ്ങളെ അനുകൂലമാക്കി തീര്‍ക്കുന്ന തരത്തില്‍ കരുക്കള്‍ മാറ്റുകയാണ് അവര്‍ ചെയ്യുന്നത്.

കേരളീയപ്രവേശം ഒരു ഖദര്‍ നാടകം

താന്‍സാനിയയില്‍ നേടിയ ബിസിനസ്സ് വളര്‍ച്ച താമസിയാതെ ദിലീപ് ദുബൈയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഈ കാലയളവില്‍ S.N.C Lavlin എന്ന ബഹുരാഷ്ട്ര ഊര്‍ജ്ജ ഭീമന്റെ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ചുമതലക്കാരനായി മാറാന്‍ ദിലീപിനായി.വിദ്യാഭാസത്തിനു ശേഷം തൊഴിലു തേടി ഒരിക്കല്‍ ഇന്ത്യ വിട്ട ദിലീപ് തന്റെ മേലുള്ള ഔദ്യോഗിക ചുമതലകളോടെ ഇന്ത്യന്‍ രാഷ്ട്രിയ തീരുമാനങ്ങളില്‍ നുഴഞ്ഞു കയറാനുള്ള ശ്രമങ്ങളാരംഭിച്ചു. കേരളത്തിലെ ഊര്‍ജ്ജ ക്ഷാമം അതിന്റെ പാരമ്യത്തിലെത്തുകയും അടിയന്തരമായി ആ രംഗത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത
ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ മലയാളത്തില്‍ പ്രവേശിക്കുന്നത്. നിയമ പണ്ഡിതനായ സാക്ഷാല്‍ പത്മരാജന്‍ വൈദ്യുത വകുപ്പ് ഭരിച്ചരുളുന്ന കാലം. പഴക്കം ചെന്ന ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി ലാവ്‌ലിന്‍ തടസ്സങ്ങളില്ലാതെ
പത്മരാജന്‍ വക്കീലില്‍ നിന്നും നേടി. വൈദ്യുത മന്ത്രി പദവിയില്‍ നീണാള്‍ വാഴാനാവതെ പോയ പത്മരാജന്റെ പിന്മുറക്കാരനായി പഴയ വിദ്യാര്‍ത്ഥി നേതാവും, ആദര്‍ശ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിനായി പുട്ടിന്റെ അരിപ്പയില്‍ അരിച്ചാല്‍ മാത്രം വേര്‍തിരിച്ചു കിട്ടുന്നവനുമായ യുവ തുര്‍ക്കി ശ്രീമാന്‍ കാര്‍ത്തികേയന്‍ അധികാരസ്ഥനായി. അധികം സംസ്സാരിക്കാത്ത പ്രകൃതക്കാരന്‍ ആദര്‍ശത്തിന്റെ ഫ്ലേവര്‍ കൂടിയുണ്ടെങ്കില്‍,ആരാണ് ഇയാളെ ചാക്കിലാക്കുക അതും അഴിമതിയെന്നു കേട്ടാല്‍ സര്‍വ്വവും ത്യജിക്കുന്ന എ.കെ.ആന്റണിയെ പോലെ ഒരാളുടെ മന്ത്രി സഭയിലിരിക്കുന്ന കാലത്ത്. മേപ്പടിയാന് ഒരു കുടമണി കെട്ടുന്നതിന് യോജിച്ച ഒരാളെ തേടി ദിലീപന്‍ വലഞ്ഞു. അക്കാലത്ത് തന്റെ പഴയ സഹപാഠിയും ഒന്നു രണ്ട് ഗള്‍ഫ് എപ്പിസോഡുകള്‍ക്കു ശേഷവും പച്ച പിടിക്കാത്തവനുമായ വര്‍ക്കല സ്വദേശിയെ കണ്ടുമുട്ടുന്നു. ദീര്‍ഘകാലമായി തന്റെ ഉറക്കം കെടുത്തുന്ന ഒരു വാത രോഗത്തിനുള്ള കുറുന്തോട്ടിയല്ലയോ ,വാളിയടിച്ച് ഇങ്ങനെ തേരാ പാരാ നടക്കുന്നതെന്ന് ദിലീപനു പെട്ടന്നു ബോധോദയമുണ്ടായി. ഈ സതീര്‍ത്ഥ്യത്തിന്റെ പഴയ കീറിയ ഖദറുടുപ്പും മുണ്ടും പരസ്യ ചിത്രത്തിലെന്നതു പോലെ ദിലീപന്റെ കണ്ണില്‍ നിറഞ്ഞു. ഇന്നത്തെ വൈദ്യുതമന്ത്രിയുടെ തോളില്‍ കൈയിട്ട് നടന്നിരുന്ന ഈ പഴയ കെ.എസ്.യു.കാരനല്ലാതെ മറ്റാരാണ് യുവതുര്‍ക്കിയെ കുപ്പിയിലാക്കുന്നതെന്നോര്‍ത്ത് ദിലീപന്‍ ഉത്സാഹപുളകിതനായി. പിന്നെയൊന്നു ആലോചിക്കാനുണ്ടായില്ല S.N.C Lavlin ന്റെ ഇന്ത്യന്‍ ചുമതലക്കാരനായി തന്റെ സഹപാഠിയെ
സര്‍വ്വാഡപരങ്ങളോടെയും ദിലീപ് വാഴിച്ചു. പിന്നെ ഈ അഭിനവ ഇന്ത്യന്‍ ചുമതലക്കാരന്റെ പൂണ്ടു വിളയാട്ടമായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ആദര്‍ശധീരനായ മന്ത്രി മാത്രമല്ല വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട സെക്രട്ടറിമാര്‍, ബോര്‍ഡ് മെമ്പര്‍മാര്‍, സാങ്കേതിക വിദഗ്‌ദര്‍ ഇവരുടെയെല്ലാം ഇഷ്ടതോഴനായി തീരാന്‍ നമ്മുടെ ചുമതലക്കാരനു കഴിഞ്ഞു. വകുപ്പിനുള്ളിലെ ഉന്നതാധികാര പടലപ്പിണക്കങ്ങളും
സൌന്ദര്യ പിണക്കങ്ങളും പറഞ്ഞു തീര്‍ക്കുന്നതും ശുപാര്‍ശകള്‍ ചെയ്യുന്നതും വരെ എത്തി ചുമതലക്കാരന്റെ ചുമതലകള്‍. ഈ കാലഘട്ടത്തില്‍വേണ്ടത്ര കൂടിയാലോചനകള്‍ ഒന്നുമില്ലാതെ പള്ളിവാസല്‍- ചെങ്കുള്ളം - പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി ഒന്നു രണ്ട് കരാറുകള്‍
കാര്‍ത്തികേയനില്‍ നിന്നും വെള്ള പേപ്പറില്‍ ഒപ്പിട്ടു ശേഖരിക്കാന്‍ ‍ ഇയാള്‍ക്കായി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവിട്ട് നടത്തുന്ന ഈ നവീകരണ പ്രവര്‍ത്തനത്തിന്റെ കരാറുകള്‍ നേടിയെടുക്കുവാനുള്ള ശ്രമങ്ങള്‍ ലാവ്‌ലിനും അതിന്റെ അനുബന്ധ ഗുണഗണങ്ങള്‍ സമ്പാദിക്കാനുള്ള
ശ്രമങ്ങള്‍ മറുപക്ഷവും കൊണ്ട് പിടിച്ച് നടത്തി കൊണ്ടിരിക്കുമ്പോഴാണ് കാലം അടുത്തൊരു രംഗത്തിനായി കര്‍ട്ടനിട്ടത്. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രി സഭ പോവുകയും കാര്‍ത്തികേയന്‍ മന്ത്രിയല്ലാതാവുകയും ചെയ്തു. തുടങ്ങി വെച്ച വികസനത്തിന്റെ
മഹാജാതകങ്ങള്‍ പകുതി വഴിയിലുപേക്ഷിച്ച് അദ്ദേഹം കണ്ണീരോടെ പടിയിറങ്ങുന്നതാണ് മലയാളികള്‍ കണ്ടത്.

സി.ബി.ഐ കോടതി ഇപ്പോള്‍ നിരീക്ഷിച്ചതു പോലെ സംസ്ഥാന ഖജനാവിനു കോടികളുടെ നഷ്ടമുണ്ടാക്കിയ ഒരു വന്‍ അഴിമതിയുടെ ഗൂഡാലോചനകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചത് എ.കെ.ആന്റണിയുടെ ഗവര്‍മെന്റില്‍ നിന്നുള്ള കാര്‍ത്തികേയന്റെ നേതൃത്വത്തിലാണ്.
കേരളം കണ്ട ഒരു വലിയ അഴിമതിയുടെയും ഗൂഡാലോചനയുടെയും കഥകള്‍ ഒഴുകി തുടങ്ങിയിട്ടേയുള്ളൂ അത് കുലം കുത്തിമറിയുന്ന മഹാസരിത് സാഗരമായി നമ്മുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ കടലെടുത്തതെങ്ങനെയന്ന സംഭവബഹുലമാ‍യ കഥകള്‍ക്കായി കാതോര്‍ത്തിരിക്കുക.

അടിക്കുറിപ്പ് :
പ്രസ്തുത ലേഖനത്തില്‍ ചിലപേരുകള്‍ ഒഴിവാക്കിയിരിക്കുന്നത് മനഃപൂര്‍വ്വമാണ്. എല്ലാം കണ്ടവന്റെ ഒരു നിര്‍മമത്വമാണ് അത്തരമൊരു ഒഴിവാക്കലിനു ആധാരം.

Friday, July 10, 2009

ആരു വാങ്ങുമിന്നാരുവാങ്ങുമിന്ന് ഈ ആരാമത്തിന്റെ രോമ....

ചൂടുള്ള പട്ടിയും നായാട്ടുകാരും

മലയാള പത്രപ്രവർത്തകർക്ക് ഏതു വാസന സോപ്പ് തേയ്ച്ചു കുളിച്ചാലും മാറികിട്ടാത്ത ഒരു കനത്ത സംഭാവനയാൺ ദേശാഭിമാനി ദിനപത്രം രണ്ടു നാൾ മുമ്പ് നൽകിയത്. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തത്തെ ദേശാഭിമാനി സ്വന്തമാക്കിയിരിക്കുന്നു. ദീർഘകാലമായി ഈ രംഗത്ത് ഒന്നാം സ്ഥാനത്ത് നിന്ന ചന്ദ്രിക പത്രത്തെ പിന്നിലാക്കിയാണു ദേശാഭിമാനി ഈ ചരിത്രനേട്ടം കൈവരിച്ചതെന്നു മലയാളപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ 10 മിനുട്ടിനുള്ളിൽ 68 ചൂടുള്ള പട്ടികളെ തിന്നുവെന്നും മുമ്പ് അയാൾ തന്നെ നേടിയ ഒരു റെക്കോർഡ് തകർത്താണു മുന്നിലെത്തിയതെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്തു.

യുദ്ധം, ലോകനേതാക്കന്മാരുടെ മരണം, വലിയ അപകടങ്ങൾ എന്നിവ സംഭവിക്കുമ്പോൾ രാത്രി വളരെ വൈകിയെത്തുന്ന വാർത്തകളുടെ പൂർണ്ണവിവരമോ കൂടുതൽ അന്വേഷണങ്ങൾക്ക് സമയമോ കിട്ടാതെ വരുമ്പോൾ നൈറ്റ് എഡിറ്റേഴ്സ് ചില തെറ്റുകൾ വരുത്തിയ സന്ദർഭങ്ങൾ ലോകത്തിലെ പല പ്രശസ്ത പത്രങ്ങളും നേരിട്ടുണ്ട്. ടെലിഫോൺ സംവിധാനങ്ങളും ഇന്റർനെറ്റും വളരെ വ്യാപകമായ ഇന്ന് അത്തരം തെറ്റുകൾ വളരെകുറയുകയും ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കാവുന്ന സ്ഥിതിയിലുമാണു. കാലം ഇത്തരമൊരു വേഗതയും കൃത്യതയും നേടിയ സാഹചര്യത്തിലാണു ദേശാഭിമാനി ലേഖകന്റെ വാർത്തയുടെ പ്രസക്തി.

കേരളത്തിന്റെ ഏതെങ്കിലും ഗ്രാമത്തിൽ ജനിക്കുകയും ഇവിടെ നിന്നു ഒരു ബിരുദം നേടുകയും ചെയ്ത ഒരു സാധാരണക്കരനു 'Hot dog' എന്താണെന്നു അറിഞ്ഞു കൊള്ളണമെന്നില്ല. മഗ്‌ഡൊണാൾഡ്, കെന്റക്കി, സ്റ്റാർ ബഗ്സ് തുടങ്ങിയ ബഹുരാഷ്ട്ര ഭക്ഷണക്കടകളിൽ കയറിയിറങ്ങാത്ത ഒരാൾക്ക് ഇതെല്ലാം തീർത്തും അന്യമാണു. അങ്ങനെയെങ്കിൽ ഒരു മൊഴിമാറ്റത്തിൽ ഇവ്വിധം ഒരബദ്ധം വന്നു പോകാവുന്നതുമാണു. പക്ഷേ എന്റെ സങ്കടം അതല്ല. 68 പട്ടികളെ 10 മിനുട്ട് കൊണ്ട് തിന്നുവെന്നു എഴുതുമ്പോൾ സാമാന്യേന വന്നുപോകുന്ന ചില സംശയങ്ങൾക്ക് ഇയാൾ തന്നോട് തന്നെ മറുപടി പറയേണ്ടിവരില്ലേ? ഒരാൾ പട്ടിയെ തിന്നോ? തിന്നാൽ തന്നെ ഈ കുറഞ്ഞ സമയത്തിനുള്ളിൽ 68 എണ്ണത്തിനെ അകത്താക്കാൻ പറ്റുമോ? ഇങ്ങനെ ഒരു നൂറുകൂട്ടം ചോദ്യങ്ങളിൽ ചിലതിലെങ്കിലും യുക്തമായ ഉത്തരം കിട്ടാതെ വാർത്ത മുഴുമിപ്പിക്കാൻ ഒരാൾക്ക് എങ്ങനെയാണു കഴിയുക. ഇത്തരം സന്ദർഭങ്ങളിൽ ഒരു നിഘണ്ടു മറിച്ചു നോക്കുക, അടുപ്പമുള്ള ഒരു സുഹൃത്തിനോട് വിളിച്ചു ചോദിക്കുക എന്നിങ്ങനെ ധാരാളം മാർഗ്ഗങ്ങൾ ആളുകൾ അവലം‌ബിക്കാറുണ്ട്. അതൊന്നും ഇവിടെയുണ്ടായില്ല. ശ്രീ ശൂരനാട് കുഞ്ഞൻ പിള്ളയെ വിളിച്ച് ഞങ്ങൾ എത്രയോ തവണ ചില പദപ്രയോഗങ്ങളെ കുറിച്ചും ശുദ്ധരൂപങ്ങളെക്കുറിച്ചും ചോദിച്ചിരിക്കുന്നു. ഇതൊന്നും ദേശാഭിമാനി ലേഖകനു ആവശ്യമായി വന്നില്ല.

ജേർണ്ണലിസ്റ്റുകളെ കണ്ടെത്തുന്നു.

മറ്റ് പത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ദേശാഭിമാനി പത്രപ്രവർത്തകരെ കണ്ടെത്തുന്നത് വളരെ ശാസ്ത്രീയമായ രീതിയിലാണു. താഴെപ്പറയും വിധമാണു തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം, ജേർണ്ണലിസത്തിൽ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ ( മാർക്സിസ്റ്റ്) നോട് കൂറുപുലർത്തുന്നുവെന്ന് തെളിയിക്കുന്ന സ്ഥലം ലോക്കൽ കമ്മറ്റി / ഏരിയാകമ്മിറ്റി സെക്രട്ടറിമാരുടെ കത്ത്, പ്രാദേശികമായി നടന്ന ഏതെങ്കിലും ഡി വൈ എഫ് ഐ ജാഥയിലോ മാർച്ചിലോ മുദ്രാവാക്യവും പാട്ടും നോട്ടീസുമെഴുതിയ പരിചയം (തെളിവുസഹിതം). ഇത്രയധികം കടമ്പകൾ കഴിഞ്ഞു വേണം ഒരാൾ ഇന്റർവ്യൂവിൽ എത്താൻ. സാക്ഷ്യപത്രം നൽകുന്ന ലോക്കൽ നേതാവിന്റെ ഔദ്യോഗിക പക്ഷത്തോടുള്ള കൂറാണു ടിയാനു ജോലികിട്ടാനുള്ള യോഗ്യത നിർണ്ണയിക്കുന്ന ഏറ്റവും വലിയ മാനദണ്ഡം.അതു ശരിയായാൽ എല്ലാം ശുഭപര്യാവസായിയാകും.

കത്തുകൾ സർവ്വശക്തി നേടുമ്പോൾ

ഗവണ്മെന്റ് അധികാര കേന്ദ്രങ്ങളിലോ പാർട്ടി സ്ഥാനങ്ങളിലോ ഇരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിനു അയാൾക്ക് വർഷങ്ങളായി നേരിട്ട് അറിയാവുന്ന ആളാണെങ്കിൽ കൂടി ഒരു പാർട്ടി മെമ്പറെയോ അനുഭാവിയെയോ സഹായിക്കണമെങ്കിൽ നിരവധി കടമ്പകളുണ്ട്.പ്രാദേശിക ഘടകങ്ങളിൽ നിന്നു കത്ത് വാങ്ങി മുകളിലേയ്ക്ക് കൊടുത്ത് അവിടെനിന്നും വാങ്ങി വാങ്ങി പലയിടങ്ങളിൽ തട്ടിയും തടഞ്ഞുമാണു അവസാനം നേതാവിന്റെ അടുത്തെത്തുക. ലോക്കൽ മാർക്സിസ്റ്റ് കമ്മറ്റി ആഫീസിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന ആളുകളിൽ 80% ആളുകളും ഇങ്ങനെ കത്തു വാങ്ങാൻ വരുന്നവരാണു. ‘ സെസ്സ്’ പ്രഖ്യാപിച്ചിടങ്ങളിൽ ഉണ്ടാകുന്നതു പോലെ ചില ആനുക്കൂല്യങ്ങൾ അടുത്തിടെ പാർട്ടി ഇക്കാര്യത്തിൽ നടപ്പിലാക്കുകയുണ്ടായി. ലാവ്‌ലിൻ, എ ഡി ബി, ഫോർഡ് ഫൌണ്ഡേഷൻ മുതലായ ആഗോള സ്ഥാപനങ്ങളുടെ ഏജന്റ് മാർക്കും മുന്തിയ ക്രയശേഷിയുള്ള എൻ ആർ ഐ കൾക്കും നാടിന്റെ വികസനം ലക്ഷ്യം വച്ചു ഇത്തരം കത്തുകൾ വാങ്ങാതെ നേതാക്കൻ മാരെ നേരിൽ കാണാവുന്നതാണു.

കത്തുകളുടെ ചരിത്രം

കത്തുകളുടെ ചരിത്രത്തിൽ മറക്കാനാകാത്ത ഒരു അനുഭവം എനിക്കുണ്ട്. സോവിയറ്റ് യൂണിയന്റെ പ്രതാപകാലം. സാബ്രാജിത്വശക്തികൾക്ക് ബദൽ ശക്തി നൽകി സോഷ്യലിസ്റ്റ് ചേരി കൊടികുത്തിവാഴുന്നകാലം. സോവിയറ്റ് യൂണിയനിൽ പോയി ഉപരി പഠനം നടത്തുന്നതിനു കൊല്ലത്തുള്ള എന്റെ കൂട്ടുകാരനു ഒരു അവസരം ലഭിച്ചു. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ചെയ്യുന്നവഴിയിൽ ഇവിടുത്തെ പാർട്ടി പറഞ്ഞാൽ റഷ്യയിൽ പാർട്ടി പ്രത്യേക പരിഗണന നൽകും എന്നു ആരോ അവനോട് പറഞ്ഞു. യാത്ര പോകുന്നതിന്റെ തലേന്നാൾ ഉച്ചയോടെ ചിന്നക്കടയിലുള്ള അവന്റെ വീട്ടിൽ ഞാനെത്തി, അപ്പോൾ അവൻ വീട്ടിലില്ലായിരുന്നു. അവിടെ കാത്തിരുന്ന എനിക്ക് അല്പംസമയം കഴിഞ്ഞപ്പോൾ റോസ് നിറത്തിലുള്ള ഒരു കവറും നീട്ടിപ്പിടിച്ച് വന്ന സതീർഥ്യന്റെ മുഖം ഇന്നും മറകാനാവില്ല. ഞാൻ കത്ത് വാങ്ങി നോക്കി ചിന്നക്കട ലോക്കൽ കമ്മറ്റിയുടെ ലറ്റർ ഹെഡ്ഡിൽ സെക്രട്ടറി എഴുതിയ കത്ത് ഇപ്രകാരമായിരുന്നു.


റ്റു,

: ബ്രിഷ്‌നേവ്

പ്രസിഡന്റ്

സോവ്യയറ്റ് സോഷ്യലിസ്റ്റ് റിപ്പമ്പ്ലിക്ക്


സഖാവേ,

ഈ കത്തുമായി വരുന്ന സ: അനീഷ് നമ്മുടെ പാർട്ടി മെമ്പറും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ(SFI) നേതാവുമാണു . ഉന്നത വിദ്യാഭ്യാർത്ഥം റഷ്യയിലേക്ക് വരുന്ന ഈ സഖാവിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാൻ താത്പര്യപ്പെടുന്നു.

അഭിവാദനങ്ങളോടെ

(ഒപ്പ്)

സി. സുകുമാരൻ

സെക്രട്ടറി

ചിന്നക്കട ലോക്കൽ കമ്മിറ്റി.

ഇതെല്ലാമാണു കത്തുകളുടെ ചരിത്രവും വർത്തമാനവും.

ഭാഷയും കമ്മ്യൂണിസ്റ്റ്കാരും

കേരളാ യൂണിവേഴ്സിറ്റി മലയാളം ബിരുദ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നിർദേശിച്ചിരുന്ന പുസ്തകത്തിൽ ഇ എം എസ്സിന്റെ ഒരു ലേഖനമുണ്ട്. മലയാള ഭാഷയുടെ വളർച്ചയ്ക്ക് ചെയ്യേണ്ട പങ്കെന്തെന്നു വിവരിക്കുന്ന പ്രസ്തുത ലേഖനത്തിൽ സാഹിത്യഭാഷയിലും പത്രഭാഷയിലും വന്ന മാറ്റങ്ങളെയും അതിൽ ഉണ്ടാവേണ്ട അടിസ്ഥാന സങ്കല്പങ്ങളെയും ഇ എം എസ്സ് അക്കമിട്ടു പറയുന്നു. പത്രഭാഷയിൽ വന്നു കൂടുന്ന തെറ്റുകൾ സാമാന്യ ജനത്തിന്റെ ബോധ മണ്ഡലത്തിൽ സൃഷ്ടിക്കുന്ന ആശയപരവും ഭാഷാപരവുമായ ന്യൂനതകൾ ഇ എം എസ്സ് നിരീക്ഷിക്കുന്നുണ്ട് ആ ലേഖനത്തിൽ. കേരളത്തിൽ പത്രപ്രവർത്തകരാകാൻ പഠിക്കുന്ന ഏതൊരാളും ഇ എം എസ്സിന്റെ ഈ പഠനം വായിക്കേണ്ടതാണു. ഭാഷാശാസ്ത്രത്തിലും വ്യാകരണത്തിലും നടക്കുന്ന നവീകരണ പ്രവർത്തനങ്ങളെ പുരോഗമനപരമായികാണാനും അത് ആദ്യം നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു ദേശാഭിമാനിയും ചിന്തയുടെ സോഷ്യൽ സയന്റിസ്റ്റ് പ്രസ്സും. ഭാഷാശാ‍സ്ത്ര ആശയങ്ങളെ ആശയലോകത്ത് നിറുത്തുകമാത്രമല്ല അത് പ്രസിദ്ധീകരണ രംഗത്ത് നടപ്പിലാക്കുകയായിരുന്നു അവർ ചെയ്തത്. ഭാഷാപണ്ഡിതന്മാരുടെ ഇടയിൽ പോലും ചർച്ചയുയർത്തിവിടാൻ ഇ എം എസ്സിനും ഐ വി ദാസ്സിനും ഒക്കെ കഴിഞ്ഞിരുന്നു.ആ പൈതൃകത്തിന്റെ തുടർച്ചയിൽ പിന്നീട് വിളഞ്ഞത് എന്തായിരുന്നു.

രണ്ടാഴ്ച്ച മുമ്പ് ഈ പവർ ടോണിന്റെ പരസ്യചിത്രം പോലെ മസിലു കാട്ടി മുഷ്ടിചുരുട്ടി നിൽക്കുന്ന നേതാവിന്റെ ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞു. “രണ്ട് പുസ്തകം ഒരു സഞ്ചിയിലിട്ട് നടന്നാൽ വിപ്ലവം വരില്ലാ“ എന്ന തലക്കെട്ടിൽ വാർത്തയും. അണികളെ ഉത്തേജിതരാക്കിയ ഈ വയാഗ്രാ പ്രസംഗം നടത്തിയ ആൾ ദേശാഭിമാനിയുടെ മുഖ്യചുമതലക്കാരനും എഡിറ്ററും ആണെന്നറിയുമ്പോഴാണു നദി എങ്ങോട്ടാണു ഒഴുകുന്നതെന്നു നമുക്ക് മനസ്സിലാകുന്നത്. സത്യത്തിൽ നൂറായിരം പ്രശ്നങ്ങളും അതിലേറെ ശത്രുക്കളുമായി ദിനങ്ങൾ തള്ളിനീക്കുന്ന ഈ നേതാക്കന്മാർ എന്തിനാണു പുസ്തകം വായിക്കുന്നവരുടെ നേരെ തിരിയുന്നത്. അക്ഷരസ്നേഹികളുടെ കുലം മുടിക്കുകയും ഡ്രില്ല് മാഷുമാരുടെ ഫാസിസ്റ്റ് അജണ്ട പാർട്ടിയിലും പത്രത്തിലും നടപ്പിലാ‍ക്കുകയെന്ന ലക്ഷ്യവുമാണു ഇത്തരം പ്രയോഗങ്ങളിൽ അടയിരിക്കുന്നത്. ഇത്തരം പുതിയ ശരീരങ്ങളാ‍ൺ ഇന്ന് ദേശാഭിമാനി എഡിറ്റ് ചെയ്യുന്നത്, അവരാണു പ്രുഫ് നോക്കുന്നത്. പത്രം ചോറു പൊതിയാനുള്ള ഒരു സാധനമെന്നാണു അവർ കരുതുന്നത്. അവരുടെ കണ്ണിൽ ഇതല്ല ഇതിലും വലിയ അബദ്ധങ്ങൾ നടന്നാലും തടയില്ല.സ്വദേശാഭിമാനിയും കേസരിയും സുകുമാരനും ഇ എം എസ്സും ഉണ്ടായിരുന്ന മലയാള പത്രപ്രവർത്തന രംഗത്ത് ഇന്നു ചൂടുള്ള പട്ടികൾ വിളമ്പി വച്ച് പുതിയ ദേഹണ്ഡക്കാരൻ വിളിക്കുന്നു, ആരു വാങ്ങുമിന്നാരുവാങ്ങുമിന്ന് ഈ ആരാമത്തിന്റെ രോമ....

Sunday, July 5, 2009

തോക്കിന്‍കുഴലൂതുമായിരുന്നു......(കവിത)

നന്നായി തോക്കിന്‍കുഴലൂതുമായിരുന്നു.
പതിനാറായിരത്തിന്റെ ഇടയനായിരുന്നു
കുഞ്ഞാടുകള്‍ മുഴുവന്‍ കൈവിട്ടുപോയിട്ടും തൂങ്ങിച്ചത്തില്ല
എം എല്‍ ആകാന്‍ ചരിത്രം പഠിച്ചവന്
‍എം എല്‍ ഏ ആകാന്‍ ചരിത്രത്തെ ഒറ്റുകൊടുത്തവന്‍
ദുഷ്ടന്‍.

കടപ്പാട് : യു.രാജീവ്