Saturday, June 13, 2009

നിലയ വിദ്ധ്വാന്മാര്‍ വീണ വായിയ്കുമ്പോള്‍ (മാരീചനുള്ള മറുപടി)

മാരീചന്റെ പിണറായീ വിചാരണയുടെ രാഷ്ട്രീയം എന്ന പോസ്റ്റിനുള്ള മറുപടി

പ്രിയപ്പെട്ട മാരീചാ..

ഇത്രയും കാര്യങ്ങള്‍ താങ്കള്‍ ചര്‍ച്ചക്കു വെയ്കുമ്പോള്‍ ഇതു കൂടി വിശദികരിയ്ക്കാതെ വയ്യ..

അങ്ങയോടു ചര്‍ച്ചചെയ്യുമ്പോള്‍ രാമരാവണ കഥയുടെ ആധികാരികത ഏതു നിസ്സാര കാര്യത്തിനും വന്നു പോകും, താങ്കളുടെ പേരിലെ പൌരാണികത ഈ നിലയ വിദ്ധ്വാന്റെ ചുവയുള്ളതാ‍ണല്ലോ ,
“ യാതൊന്നു കാണ്മതു നാരായണ പ്രതിമ..
യാതൊന്നു കേള്‍പ്പതു നാരായണ സ്തുതികള്‍ “

എന്നെഴുതിയതു എഴുത്തച്ഛനാണ്.

പിന്നെ അത്തരമൊരു വിജയ സ്തുതി ഇപ്പോള്‍ അങ്ങയില്‍ നിന്നാണ് വായിക്കാനായത്. ആകാശവാണിയില്‍ പരിപാടികളില്ലാതെ വരുമ്പോള്‍ വീണ വായിക്കുന്ന നിലയ വിദ്ധ്വാന്മാരെ ഞാന്‍ കണ്ടിട്ടുണ്ട് .തിരുവനന്തപുരത്ത് വഴുതക്കാടിനോടു ചേര്‍ന്നു സുഖ താമസവും നല്ല ഭക്ഷണവുമായിരുന്നു പ്രതിഫലം അവരില്‍ പലരും എ.കെ.ജി സെന്ററിന്റെ പുറകിലും ഡെല്‍ഹിയില്‍ ഏ.കെ.ജി.ഭവന്റെ വലതു വശത്തും താമാസം മാറിയിട്ട് ഏറെ കാലമായെന്നറിയാം.

ലാവ്‌ലിന്‍ ആണു പ്രശ്നം. അഴിമതി നടന്നോ, നടന്നെങ്കില്‍ അതു ആരാണ് ചെയ്തത്. അങ്ങനെ ചെയ്തതു നേതാക്കളാണെങ്കില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാമോ ? ചെയ്തു കൂടാ എന്നു മന്ത്രി സഭ പറഞ്ഞാല്‍ അതിനു മുകളില്‍ ഗവര്‍ണര്‍ക്കൊരു തീരുമാനമുണ്ടോ? അന്വേഷണ ഏജന്‍സിയെ തന്നെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനു ഉപയോഗിക്കുകയാണോ ? ഇതൊക്കെയാണ് സബ് ടൈറ്റിലുകള്‍ . പ്രധാന മാധ്യമങ്ങളിലും ബ്ലോഗ്ഗ് തുടങ്ങിയ സമാന്തര ഇടങ്ങളിലും ഈ ചര്‍ച്ച തുടങ്ങിയിട്ട് നാളേറേയായി.

താങ്കളുടെ അഭിപ്രായം മുഖവിലയ്കെടുത്ത് വിജയന്‍ നിരപരാധിയാണെന്നു സമ്മതിയ്കുന്നു. നിരപരാധിയ്കു നേരെ ആരോപണം വരുമ്പോള്‍ അയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാവുന്ന പേരു ദോഷവും സ്നേഹിതര്‍ക്കുണ്ടാവുന്ന സങ്കടവും പറഞ്ഞറിയ്കാവതല്ല. ആത്മഹത്യ മുനമ്പില്‍ നിന്നു വിജയന്‍ രക്ഷപ്പെടുന്നത് കണ്ണൂര്‍ക്കാ‍രനായതു കൊണ്ട് മാത്രമാണ്. നല്ല കാലത്തു കുടിച്ച ചെമ്പാലിന്റെ കരുത്ത്.സി.ബി.ഐ ഈ കേസില്‍ മാത്രമല്ല അന്വേഷിച്ച എല്ലാ കേസ്സിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാഷ്ട്രീയവും സാമുദായികവുമായ മുതലെടുപ്പുകള്‍ക്കു വിധേയമായ സംഘമാണ്. ഇവിടെയും അത്തരം താല്പര്യങ്ങള്‍ കാര്‍ത്തികേയനെയും , കടവൂര്‍ ശിവദാസനെയും എല്ലാം ഒഴിവാക്കുന്നതിലും കളിച്ചിട്ടുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പു ഫലം മറ്റൊന്നാവുകയും ഇടതു സഹായത്തില്‍ കേന്ദ്രത്തില്‍ ഗവര്‍മെന്റുണ്ടാവുകയും ചെയ്തെങ്കില്‍ പിണറായി വിജയനും കേസ്സില്‍ ആവിയായേനേ...പക്ഷെ എന്നെ പോലുള്ള നിരക്ഷരകുക്ഷികളുടെ സംശയം മറ്റൊന്നാണ് പണം കട്ടിട്ടില്ലെന്നും രാജ്യ താല്പര്യ പ്രകാരം മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്നും ഏതു പ്രോസിക്യൂഷനു മുന്നിലും വിജയനു ബോദ്ധ്യപ്പെടുത്താന്‍ കഴിയാതിരിയ്കുന്നതെന്തു കൊണ്ട് ?. കാനഡയിലേയ്കും മറ്റും നടത്തിയ യാത്രകള്‍ സര്‍ക്കാരോ , പാര്‍ട്ടിയോ താന്‍ തന്നെയോ ചിലവിടാതുള്ള വിരുന്നുകള്‍ ഗള്‍ഫിലേയ്കു നടത്തിയിട്ടുള്ള യാത്രകള്‍ ഇവിടെയെല്ലാം സാര്‍വ്വത്രികമായ പാര്‍ട്ടിഘടകങ്ങള്‍ ഉണ്ടായിരിയ്കേ, അവരുടെ ആതിഥേയത്തിനു പുറത്തുള്ള താമസം അവരാരുമറിയാതെയുള്ള കൂട്ടു കെട്ടുകള്‍. ഇങ്ങനെ പലതു പലതും എവിടെയോ പുകയുന്നുണ്ട് വിജയാ...എന്നു സ്വന്തം ഭാര്യപോലും സംശയിച്ചു പോകുന്ന ഇടങ്ങള്‍ സൃഷ്ടിയ്കുന്നുണ്ട്.

നിരപരാധിയായ പിണറായി വിജയന്‍ സി.പി.ഐ.(എം)ന്റെ സെക്രട്ടട്രിയാണ് , വിജയനു വന്നു ചേരുന്ന ഏതൊരു അപമാനവും പാര്‍ട്ടിയുടെയും അപമാനമാണ്. വിജയനു വന്നു ചേരുന്ന ഏതോരു ദു:ഖവും പാര്‍ട്ടിയുടെതു കൂടിയാണ് , ഇതാണ് നില. ഇവിടെ മിസ്റ്റര്‍. മാരീചന്‍ താങ്കളാണെന്നു കരുതുക എഴുപത്തിയഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സമര ചരിത്രമുള്ളതും ആയിരകണക്കിനു മനുഷ്യര്‍ ജീവന്‍ നല്‍കി വളര്‍ത്തിയതും ലക്ഷകണക്കിനു മനുഷ്യരുടെ ആശയും ആവേശവുമായിരിയ്കുന്നതുമായ ഈ പാര്‍ട്ടിയ്ക് അപമാനമുണ്ടാവാ‍ത്ത തരത്തില്‍ ഒഴിഞ്ഞൂ നിന്ന്, പാര്‍ട്ടിയെ അപമാനത്തില്‍ നിന്നും രക്ഷിയ്കുമായിരുന്നില്ലേ?. നാട്ടില്‍ അല്പസ്വല്പം കൈക്കൂലിയും സ്വജന പക്ഷപാതവും, വൈകുന്നേരങ്ങളില്‍ അല്പം ചാത്തന്‍ സേവയും രഹസ്യമായി നടത്തുന്ന എത്ര ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട് അവര്‍ പോലും ചില കേസ്സുകളില്‍ അപമാനിതരായി തീരുന്ന സന്ദര്‍ഭങ്ങളില്‍ തന്റെ മേല്‍ വീഴുന്ന അഴുക്ക് പാര്‍ട്ടിയ്ക് മേല്‍ വീണു കൂടായെന്നു കരുതി ഒഴിഞ്ഞു നിന്നുണ്ട് . തിരുവനന്തപുരം ജില്ലയില്‍ മദ്യദുരന്തവുമായി ബന്ധപ്പെട്ട് മണിച്ചനെ പിടികൂടുന്ന കാലം താങ്കള്‍ക്കോര്‍മ്മയുണ്ടാവും.ടി ജില്ലയിലെ ജീവിച്ചിരിയ്കുന്ന കമ്യൂണിസ്റ്റുകാരില്‍ അല്പമെങ്കിലും ഭേദപ്പെട്ട ഒരു സഖാവാണ് അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന സത്യനേശന്‍. മണീച്ചന്റെ പേ റോളില്‍ സത്യനേശന്റെ പേരുണ്ടായിരുന്ന എന്ന വാര്‍ത്തയെ തുടര്‍ന്നു അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നെല്ലാം മാറി നിന്ന് നെയ്യാറ്റിന്‍ കര താലൂക്കിലെ ഒരു ഒഴിഞ്ഞ കോണില്‍ രണ്ട് ഞാലി പൂവ്വന്‍ വാഴകുല മാത്രം തുക്കിയിട്ടുള്ള മുറുക്കാന്‍ കടയില്‍ കള്ളിമൂണ്ടുമുടുത്ത് മുറുക്കി തുപ്പി ഇരിയ്കുന്നത് ഞാനെത്രയോ തവണ കണ്ടിരിയ്കുന്നു.വിജയന്‍ വരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കും മുമ്പ് വരികയും ധാരാളം കഷ്ടനഷ്ടങ്ങളേല്‍ക്കുകയും ചെയ്തൊരാള്‍ ഇങ്ങനെ മാറി നിന്ന് അല്ലെങ്കില്‍ നടപടിയ്കു വിധേയനായി അന്നു രക്ഷിച്ചത് സംശുദ്ധമായ കമ്മ്യൂണീസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രമാണ് . പക്ഷെ അന്നു കൂട്ടു പ്രതിയായിരുന്നതിനാല്‍ പാര്‍ട്ടി അകറ്റി നിര്‍ത്തിയിരുന്ന കടകമ്പളി സുരേന്ദ്രനെ സാക്ഷാല്‍ പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലാല്‍ തിരുവനന്തപുരം ജില്ല ഗ്രൂപ്പിനു തിരിച്ചു പിടിയ്ക്കാന്‍ ഉപയോഗിക്കുകയും അവിടെ ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. പിണറായി വിജയന്‍ മാറി നിന്ന് മറ്റൊരു സംസ്ഥാ‍ന സെക്രട്ടറിയെ പരീക്ഷിയ്കാന്‍ ഇന്നു സി.പി.ഐ.(എം)നു ശേഷിയില്ല എന്നു താങ്കള്‍ കരുതുന്നുണ്ടോ ? അതോ മലപ്പുറം സമ്മേളനത്തിനു ശേഷം വിജയന്റെ നേതൃത്വത്തില്‍ തട്ടമിട്ടിറങ്ങി വന്ന മുസ്ലീം ജനവിഭാഗം തിരികെ പോകുമെന്ന ഭയമാണോ അതുമല്ലെങ്കില്‍ ചാനലിലും ദേശാഭിമാനിയിലും പണം നിക്ഷേപിച്ചുട്ടുള്ള ലോട്ടറി രാ‍ജാക്കന്മാരും ദുബായിലെ മീന്‍ കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റ്/ സിനിമാ പ്രമുഖരും പണം പിന്‍‌വലിച്ച് വലതു പക്ഷത്തു ചേക്കറുമെന്ന ഭയമോ ?. ഏതായാലും പാര്‍ട്ടിയെ കൊണ്ട് തന്നെ ജീവിയ്കുന്ന നേതാക്കള്‍ തന്നെ അതിനെ ഇത്രമേല്‍ തകര്‍ത്ത മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല.

ഗവര്‍ണര്‍ ഇതു ചെയ്യാമായിരുന്നോ അതിനധികാരമുണ്ടായിരുന്നോ എന്നതാണ് നിര്‍ണ്ണായകമായ ചോദ്യം. പ്രായ പൂര്‍ത്തി വോട്ടവകാശമുള്ള മുഴുവന്‍ പൌരന്മാരും വോട്ടു ചെയ്തു തിരഞ്ഞെടുക്കുന്ന നിയമ സഭ അല്ലെങ്കില്‍ പാര്‍ലിമെന്റ് അതിന്റെ തലവനായി മുഖ്യമന്ത്രി അല്ലെങ്കില്‍ പ്രധാനമന്ത്രി എന്നിങ്ങനെ ജന പ്രതിനിധികള്‍ ഭരിയ്കേണ്ടുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ എന്തിനാണ് ഇതിനെല്ലാം അല്പം മുകളിലായി ഒരു ഗവര്‍ണറെയോ, രാഷ്ട്രപതിയെയോ മുഖം തിരിച്ചു നിര്‍ത്തിയിരിയ്കുന്നത് ?.സത്യത്തില്‍ ഈ സ്ഥാനങ്ങള്‍ ഒരു ജനാധിപത്യ പൂര്‍ത്തികരണത്തിന്റെ മേല്‍ കൊഞ്ഞനം കുത്തുന്നതു പോലെ തോന്നും. പക്ഷെ എനിയ്കും നിങ്ങള്‍ക്കും മുകളില്‍ ഇന്ത്യന്‍ ഭരണ ഘടന എന്നൊന്നുള്ളതു കൊണ്ട് ഈ സ്ഥാനങ്ങളുമുണ്ട് . അങ്ങനെയെങ്കില്‍ അവരുടെ ജോലിയെന്താണ് ?ഒരു ന്യായാധിപനെ പോലെ തനിയ്കു താഴെയുള്ള തീരുമാനങ്ങള്‍ പക്ഷപാതപരവും അഴിമതി നിറഞ്ഞതുമാണോയെന്നു നോക്കുക മാത്രമാണ് ഇവര്‍ക്കു ചെയ്യാനാവുന്നത് അതു മാത്രമേ ഗവര്‍ണര്‍ ചെയ്തുള്ളൂ. സത്യത്തില്‍ ജനാധിപത്യത്തിനെതിരാണിത് പക്ഷെ ഭരണഘടന അവസരം നല്‍കുന്നു. അത്ര ജനാധിപത്യ വാദിയല്ലാത്ത എന്നെപൊലൊരാള്‍ക്ക് മന്ദബുദ്ധിയായ പെണ്‍ക്കുട്ടിയെ സ്വന്തം അച് ഛന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിയ്കുമ്പോള്‍ നാട്ടിലെ റൌഡിയുടെ മുന്നില്‍ അവള്‍ അഭയം പ്രാപിയ്കുന്നതു പോലെയുള്ള സന്ദര്‍ഭമാണിത്. തീര്‍ച്ചയായും ഇത്തരമൊരു സന്ദര്‍ഭത്തില്‍ റൌഡികള്‍ രക്ഷിമെന്നു തന്നെ പ്രതീക്ഷിയ്കേണ്ടിയിയ്കുന്നു.

പാര്‍ട്ടി താല്പര്യത്തെ കൂടി മുന്‍‌നിര്‍ത്തി ഇത്രയും ചിന്തിച്ച സ്ഥിതിയ്ക് വര്‍ഷങ്ങളായി പാര്‍ട്ടി തീരുമാനങ്ങളെ കാറ്റില്‍ പറത്തുകയും സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ക്കതീതമായി പ്രവര്‍ത്തിയ്കുകയും ചെയ്യുന്ന വി.എസ്സിനെ കുറിച്ചു പറയാതിരിയ്കുന്നതു മര്യാദയല്ല കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രത്തില്‍ കൊടിയ്കു മുകളില്‍ പറന്ന ഒരു തമ്പുരാനെയും വച്ചു പൊറുപ്പിച്ചതായി അറിവില്ല. പിന്നെന്തു കൊണ്ടാണ് വി.എസ്സിനെ പുറത്താക്കി പുണ്യാഹം തളിയ്കാത്തത്. അതിനുമുമ്പ് ഇന്നത്തെ സംസ്ഥാന കമ്മറ്റി രൂപപ്പെട്ടത് എങ്ങനെയാണെന്നാണ് എന്നു ചിന്തിയ്കുന്നതു നല്ലതാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മുമ്പ് ബ്രാഞ്ച് തലത്തില്‍ നിലവിലുള്ള സാഹചര്യങ്ങളെ ഉപയോഗിച്ച് സ്ഥാനമാനങ്ങള്‍ ഓഫര്‍ ചെയ്യാവുന്നവനു അതു ചെയ്തും മറ്റ് ശത്രുതകളെ തനിയ്ക് അനുക്കുലമാക്കിയും നടത്തിയ വന്‍‌കിട ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഓരോ നിലയിലുമുള്ള പാര്‍ട്ടി കമ്മറ്റികള്‍ നിലവില്‍ വന്നിട്ടുള്ളത് , ലോക്കല്‍ കമ്മറ്റി തലം മുതല്‍ പാര്‍ട്ടി നേതാക്കന്മാര്‍ പാര്‍ട്ടിയാല്‍ ജീവിയ്കുന്നവരാണ് (ഫുള്‍ ടൈം പ്രവര്‍ത്തകര്‍‍) ഇവരാരും തന്നെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനു വേണ്ടിയോ സോഷ്യലിസ്റ്റു ഭരണ ക്രമം നടപ്പിലാക്കുന്നതിനു വേണ്ടിയോ സമരഭടന്മാരാ‍യിരിയ്കുന്നവരല്ല.അങ്ങനെ ഒരു പൂര്‍വ്വ ചരിത്രം ഇവര്‍ക്കെല്ലാവര്‍ക്കുമുണ്ടാവാം പക്ഷെ ഇന്നു അവര്‍ ആ ചരിത്രം വിറ്റുണ്ണൂന്നവരാണ് .നിലനില്‍ക്കുന്ന സ്ഥനമാനങ്ങള്‍ നഷ്ടപ്പെടുന്ന ഒരു തീരുമാനത്തിലും ഇത്തരക്കാന്‍ കൂടെ നില്‍ക്കില്ല.ആശയ പരമോ സംഘടനാ പരമോ ആയിക്കോള്ളട്ടെ തന്റെ നിലയുറപ്പിയ്കുക എന്ന പോരാട്ടത്തിലാണ് ഇവര്‍ ഓരോരുത്തരും ഈ സംഘത്തിന്റെ ഭൂരിപക്ഷ പിന്‍‌ബലമാണ് പിണറായി വിജയനുള്ളത്. അത്തരമൊരു സംസ്ഥാന കമ്മറ്റിയില്‍ മിസ്റ്റര്‍ മാരീചന്‍ താങ്കള്‍ കമ്യൂണിസ്റ്റാണെങ്കില്‍ എന്തു ചെയ്യും ?.നിഷേധത്തിന്റെ നിഷേധത്തില്‍ നിന്നാണ് വിപ്ലവകാരി ജനിയ്കുന്നതെന്ന് പണ്ട് ഞാനൊരു മുദ്രാവാക്യം വിളിച്ചിട്ടുണ്ട്....അതു കൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ഞാനാണവിടെയെങ്കില്‍ എന്തു ചെയ്യും എന്നു പലതവണ ചോദിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വി.എസ്സ്. എന്തു ചെയ്യുന്നുവെന്നു മനസ്സിലാവുന്നത് . പാര്‍ട്ടിയ്ക് പുറത്ത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ അദ്ദേഹമുണ്ടാക്കിയെടുത്തിട്ടുള്ള പിന്‍‌ബലമാണ് ഇത്തരമൊരു ചെറുത്തു നില്‍പ്പിന്നു ശക്തി നല്‍കുന്നത് മറ്റൊന്നു ആരു ചോര്‍ത്തിയാലും ഒറ്റു കൊടുത്താലും കള്ളനെന്നു പറയാനാവാത്ത വിധം സംശുദ്ധവും സുതാര്യവുമായ രാഷ്ട്രീയ ജീവിതം . ഇനി പറയൂ മാരീചന്‍ ഞാനെന്തു ചെയ്യും പിണറായി വിജയന്‍ നിരപരാധിയായിരിയ്കണേയെന്നു പ്രാര്ത്ഥിയ്കുന്നു. വരും ദിവസങ്ങളില്‍ സി.ബി.ഐ പുറത്തു വിടാന്‍ പോകുന്ന യാത്രകളുടെയും കൂടികാഴ്‌ചകളുടെയും കൂട്ട് കെട്ടുകളുടെയും കഥകളില്‍ എന്റെ പാര്‍ട്ടിയെ കടലെടുക്കരുതേയെന്നു പ്രാര്‍ത്ഥിയ്കുന്നു. ഈ ദുഃസ്ഥിതിയിലേയ്ക് തള്ളിവിട്ട ദുഷ്ടശക്തികള്‍ ആരായാലും വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തില്‍ ശക്തി ലഭിച്ചിട്ടുള്ള പരമകാരുണികന്റെ മുന്നില്‍ ഉത്തരം പറയാതിരിയ്കില്ല

അഭിവാദ്യങ്ങളോടെ...

താപ്പു

15 comments:

താപ്പു said...

മന്ദബുദ്ധിയായ പെണ്‍ക്കുട്ടിയെ സ്വന്തം അച് ഛന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിയ്കുമ്പോള്‍ നാട്ടിലെ റൌഡിയുടെ മുന്നില്‍ അവള്‍ അഭയം പ്രാപിയ്കുന്നതു പോലെയുള്ള സന്ദര്‍ഭമാണിത്. തീര്‍ച്ചയായും ഇത്തരമൊരു സന്ദര്‍ഭത്തില്‍ റൌഡികള്‍ രക്ഷിമെന്നു തന്നെ പ്രതീക്ഷിയ്കേണ്ടിയിയ്കുന്നു.

Unknown said...

ബഹുഭൂരിപക്ഷം വരുന്ന ആളുകളുടെ അഭിപ്രായം തന്നെയാണ് താപ്പു, മാരീചന്റെ ബ്ലോഗില്‍ വളരെ നല്ല ഭാഷയില്‍ പ്രകടിപ്പിച്ചിരുന്നത്. എല്ലാറ്റിനും കാലം മറുപടി പറയട്ടെ...

അഭിവാദനങ്ങളോടെ,

Anonymous said...

Good Post.Respect your views. The Marichan, Babu, Manaveeyam, Jeevi, Janasakthi et all kolie bloggers does not know the real communists feeling. For them party = Pinarayi but if they continue the "veenavayana" they are neither helping party nor helping Mr Vijayan. If CPIM would have accepted for a proecution there might be a different election result. People respect transparency, ethics etc . If the party is not understanding, analyse and mock at peoples verdict they are digging their grave yard.

saju john said...

സഖാവ്. കുഞ്ഞിരാമേട്ടന്റെ വക താപ്പുവിന് ഒരു ലാല്‍ സലാം.

Anonymous said...

ഈ കേസ് കോടതിയില്‍ വരുന്നത് പിണറായി അങ്ങേയറ്റം ഭയപ്പെടുന്നു എന്നു വേണം കരുതാന്‍. ഒരു പക്ഷേ അഴിമതി തെളിയുമെന്നായിരിക്കില്ല അദ്ദേഹത്തിന്റെ ഭയം. പല കളങ്കിത വ്യക്തിത്വങ്ങളുമീയി ബന്ധം ഉണ്ടെന്ന കാര്യം കൊടതി വിസ്താര വേളയില്‍ പുറത്താകുന്നത് അദ്ദേഹത്തിനും ആ വ്യക്തികള്‍ക്കും ദോഷം ചെയ്തേക്കാം. ഉദാ. അച്ചുതാനന്ദന്റെ 'വെറുക്കപ്പെട്ടവന്‍' എന്ന പരാമര്‍ശം തിരുത്താന്‍ പിണറായി ഉടന്‍ നിര്‍ബന്ധിതമായി. മാന്യ വ്യക്തികളെ "നികൃഷ്ടജീവി" "എടോ ഗോപാലകൃഷ്ണാ" എന്നൊക്കെ വിളിക്കിന്ന ആളാണ് ഇത് ചെയ്യുന്നത് എന്നുകൂടി ഓര്‍ക്കുക.

പിണറായിയുടെ അനേകം വിദേശയാത്രകള്‍ എന്തിനായിരുന്നു എന്ന ചോദ്യവും ഉയര്‍ന്നേക്കാം. 'ലെനിനിസത്തെപ്പറ്റി ക്ലാസെ‍ടുക്കാന്‍ സിങ്കപ്പുരില്‍ പോയി' എന്നൊക്കെ പറഞ്ഞ് കോടതിയില്‍ തടിതപ്പാം. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ സംശയം കൂടുകയേ ഉള്ളൂ.

മുന്‍കാലങ്ങളില്‍ മൂലധനം സ്വരൂപിക്കുമ്പോഴും പാര്‍ട്ടി അതു കൈകാര്യം ചെയ്യുമ്പോള്‍ വര്‍ഗ്ഗശത്രുക്കളുടെ ഇടപെടല്‍ അനുവദിച്ചിരുന്നില്ല.ഇന്ന് മൂലധനത്തിനായി ഏതു ചെകുത്താനുമായി കൂട്ടുകൂടാനും പാര്‍ട്ടി തയ്യാര്‍.

ഞാന്‍ ഇരിങ്ങല്‍ said...

മാരീച വിലാപത്തിന് മറുപടിയാണെങ്കിലും സാധാരണക്കാരന്‍ റെ ചോദ്യം പേറുന്ന പോസ്റ്റ് തന്നെയാണിത്.
പ്രസക്തമയാ ചോദ്യങ്ങള്‍:
1. പണം കട്ടിട്ടില്ലെന്നും രാജ്യ താല്പര്യ പ്രകാരം മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്നും ഏതു പ്രോസിക്യൂഷനു മുന്നിലും വിജയനു ബോദ്ധ്യപ്പെടുത്താന്‍ കഴിയാതിരിയ്കുന്നതെന്തു കൊണ്ട് ?.
2. പിണറായി വിജയന്‍ മാറി നിന്ന് മറ്റൊരു സംസ്ഥാ‍ന സെക്രട്ടറിയെ പരീക്ഷിയ്കാന്‍ ഇന്നു സി.പി.ഐ.(എം)നു ശേഷിയില്ലേ?
3. കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രത്തില്‍ കൊടിയ്കു മുകളില്‍ പറന്ന ഒരു തമ്പുരാനെയും വച്ചു പൊറുപ്പിച്ചതായി അറിവില്ല. പിന്നെന്തു കൊണ്ടാണ് വി.എസ്സിനെ പുറത്താക്കി പുണ്യാഹം തളിയ്കാത്തത്?

ഒരു പിടി ചോദ്യങ്ങള്‍.. ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല...

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Unknown said...

പിന്നെന്തു കൊണ്ടാണ് വി.എസ്സിനെ പുറത്താക്കി പുണ്യാഹം തളിയ്കാത്തത്?

വി.എസ്സ്. ഇന്നേവരെയായി പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം ഒന്നും നടത്തിയിട്ടില്ല. എന്നാല്‍ പിണറായി വിരുദ്ധപ്രവര്‍ത്തനം ധാരാളമായി നടത്തുന്നുണ്ട് താനും. പിണറായി അല്ലല്ലൊ പാര്‍ട്ടി. പാര്‍ട്ടി പിണറായിയുടെ കൈപ്പിടിയിലാണെങ്കിലും പൊതുജനങ്ങള്‍ക്ക് ഇന്ന് സ്വീകാര്യന്‍ വി.എസ്സ്. തന്നെയാണ്.

സ്മിതം said...

കെപിസുകുമാരന്‍:

ഞാന്‍ പൊതുജനത്തില്‍ പെട്ട ആളാണോ ? അതോ ബുഷ് പറഞ്ഞപോലെ ഒന്നുകില്‍ നമ്മുടെ കൂടെ അല്ലെങ്കില്‍ കഴുതയാണ് എന്നാവുമോ.

എനിവേ, എനിക്കു സ്വീകാര്യനായ വ്യക്തി അല്ല വി.എസ്. അദ്ദേഹത്തെ അസ്ഥാനത്ത് പിടിച്ചിരുത്തിയതാ സി.പി,എമ്മിന് പുലിവാലായാത്.

ഞാന്‍ ഇരിങ്ങല്‍ said...

കെ. പി സുകുമാരന്‍ അഞ്ചരക്കണ്ടിയോട് വിയോജിക്കാതെ വയ്യ.
കെ. പി : “വി.എസ്സ്. ഇന്നേവരെയായി പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം ഒന്നും നടത്തിയിട്ടില്ല. എന്നാല്‍ പിണറായി വിരുദ്ധപ്രവര്‍ത്തനം ധാരാളമായി നടത്തുന്നുണ്ട് താനും. പിണറായി അല്ലല്ലൊ പാര്‍ട്ടി“

സുകുമാരേട്ടന്‍ ഏത് പത്രമാ വായിക്കുന്നത്? വി. എസ്സ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ്. ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി തീരുമാനിച്ചത് നടപ്പിലാക്കുക എന്ന ലക്ഷയം മറന്ന് സ്വന്തം തീരുമാനങ്ങളും പ്രതിച്ഛായയും ഉണ്ടാക്കാനിറങ്ങിപ്പുറപ്പെട്ടിരിക്കുന്നു വി. എസ്സ്.
എന്നേ വി. എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടിയിരുന്നു.
എന്നാല്‍ അതിന് ധൈര്യമുള്ള പിബിയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇല്ലാതായിരിക്കുന്നു.
ഇടതു പക്ഷം വലതു പക്ഷമായി മാറുകയും അധികാരവും പണവും ബൂര്‍ഷ്വാ ചുറ്റുപാടും മത്തഹാസം മുഴക്കുന്ന മാര്‍ക്സിസ്സ്റ്റ് മുഖ മൂടിയിട്ട സി പി ഐ എം ആണ് ഇന്ന് ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്നത്.
യഥാര്‍ത്ഥ കമ്മ്യൂണീസ്റ്റുകള്‍ പുറത്തായിരിക്കുന്നു

Unknown said...

“സ്മിത”ത്തിന് വി.എസ്സ്.സ്വീകാര്യന്‍ അല്ലായിരിക്കാം. പക്ഷെ വി.എസ്സ്. ഇന്നും പാര്‍ട്ടി പി.ബി.അംഗവും കേരള മുഖ്യമന്ത്രിയുമാണ്. നാളെ ഒരു പക്ഷെ ഈ സ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹം മാറ്റപ്പെട്ടാലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. എന്തിനാണീ വി.എസ്സ്.വിരോധം? പാര്‍ട്ടി ഇന്നത്തെ കുരുക്കില്‍ അകപ്പെടാന്‍ പിണറായിയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാവരും കൂടി സ്വയം വിമര്‍ശനത്തിലൂടെ സമവായത്തില്‍ എത്തുന്നതാണ് നല്ലത് എന്നെനിക്ക് തോന്നുന്നു.

Unknown said...
This comment has been removed by the author.
Unknown said...

ഇരിങ്ങല്‍ അവസാനം പറഞ്ഞ വസ്തുതകള്‍ തന്നെയാണ് ഞാനും കുറെക്കാലമായി പറഞ്ഞുവരുന്നത്. പാര്‍ട്ടിക്ക് പുറത്ത് ഒരുപാട് ബന്ധുക്കളുണ്ട്. അവരെയൊക്കെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി മുദ്ര കുത്തുകയോ അല്ലെങ്കില്‍ അങ്ങനെ ആക്കപ്പെടുകയോ ചെയ്യുന്നു.

മൂല്യച്യുതി സമൂഹത്തിന് മൊത്തം ബാധിച്ച വ്യാധിയാണ്. അതില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഇമ്മ്യൂണിറ്റി ലഭിച്ചില്ല. നമുക്ക് നിലവിലുള്ളതിനെ നന്നാക്കാനല്ലെ പറ്റൂ. ഇന്ന് കാണുന്ന തരത്തിലുള്ള വ്യക്ത്യധിഷ്ഠിതമായ തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് ആരും എങ്ങും എത്താന്‍ പോകുന്നില്ല. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് ബദല്‍ ഒന്നുമില്ല. ജനാധിപത്യവും മാര്‍ക്സിസവും സമന്വയിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാരുടെ പുനരേകീകരണം സാധ്യമാക്കുന്നതിനാണ് മുഴുവന്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളും ശബ്ദം ഉയര്‍ത്തേണ്ടത് എന്നെനിക്ക് തോന്നുന്നു.

June 15, 2009 4:37 PM

വേലൂക്കാരൻ said...

നന്നായിരിക്കുന്നു. സാധാരണക്കാരുടെ അഭിപ്രായം തന്നെ.

Anonymous said...

ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി തീരുമാനിച്ചത് നടപ്പിലാക്കുക എന്ന ലക്ഷയം മറന്ന്

Absolutely not right.
Current Marixist party thinks they are above People and democracy. VS tries to understand peoples wishes. Where as PINARAYI and his supporters mock at peoples verdict. One thing CPIM should understand people are much above than party. Party is a SERVANT in Democracy.

Anonymous said...

വിഎസ് ഒന്നല്ല, പലതാണ്.
http://dillipost.blogspot.com/2009/07/blog-post_13.html

വി എസ് പി ബി യില്‍ നിന്നും പുറത്തായതു വിശകലനം ചെയ്യൂന്ന ദില്ലിപ്പോസ്റ്റ് എഡിറ്റോറിയല്‍ കണ്ടിരിക്കുമല്ലൊ?

A comrade from JNU